തിരുവനന്തപുരം : നീന്തല്‍ കുളവും കാലിത്തൊഴുത്ത് നിര്‍മാണവും സാമ്പത്തിക പ്രതിസന്ധി, സ്പോണ്‍സര്‍ഷിപ്പ് എന്നീ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് പറന്നത്. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയന്, ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരുമുണ്ട്. ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയുയും സമ്മേളനത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി യുഎന്‍ ആസ്ഥാനത്തും സന്ദര്‍ശനം നടത്തും മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ബിസിനസ്സ് ഇന്‍വെസ്റ്റമെന്റ് മീറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കും. ലോക ബാങ്കുമായി വാഷിങ്ടണ്ണിലും ചര്‍ച്ച നടത്തും. തുടര്‍ന്ന് ക്യൂബയിലേക്ക് പോകും. സ്പീക്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീബില്ജ് കേരള ഡെപ്യൂട്ടി സിഇഒ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങും. എന്നാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യൂബ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും.
100 ഡോളര്‍ യുഎസ് സന്ദര്‍ശനത്തിനും, 75 ഡോളര്‍ ക്യൂബന്‍ സന്ദര്‍ശനത്തിനും ദിനബത്തയായി വകയിരുത്തിയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പറന്നത്. അതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കോടികള്‍ കടമെടുക്കാനുള്ള നീക്കങ്ങള്‍ക്കിടെ.
വിദേശ സന്ദര്‍ശനവേളയില്‍ കേരളത്തിന് ഗുണം ചെയ്യുന്ന ചര്‍ച്ചകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. ‘രാഷ്ട്രീയമായി ധൂര്‍ത്തെന്ന് പറയുകയല്ലാതെ, ലോക മലയാളികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഇത്തരം കൂടിച്ചേരലുകള്‍. അതിന്റെ ഗുണം തീര്‍ച്ചയായും ഉണ്ടാവും. കേരളത്തിന് അതിന്റെ ഗുണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ നിക്ഷേപങ്ങളും ജോലി സാധ്യതകളും വരുന്നുണ്ട്. കാലം തെളിയിക്കും. രാഷ്ട്രീയമായ വിരോധം പ്രതിപക്ഷം സൂക്ഷിച്ചോട്ടെ, എന്നാല്‍ പൊതുവില്‍ കേരളത്തിന്റെ താത്പര്യത്തിന് വേണ്ടി സഹകരിക്കണം എന്നാണ് അവരോട് അഭ്യര്‍ത്ഥിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: