കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് ഉള്‍വനത്തില്‍ തുറന്നുവിടില്ല. ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിശദമായ വാദം കേള്‍ക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
കേരളത്തിന്റെ വനാതിര്‍ത്തിയിലേക്ക് കൊമ്പനെ തിരിച്ചെത്തിക്കണമെന്നും ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്. നിലവില്‍ തിരുനെല്‍വേലിയിലെ വനമേഖലയിലേക്ക് ആനയുമായി വനംവകുപ്പ് സംഘം യാത്ര തുടരുകയാണ്. തിരുനെല്‍വേലിക്ക് സമീപമുള്ള കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനയെ തുറന്നുവിടാനായിരുന്നു തീരുമാനം.
അരിക്കൊമ്പന് മിഷന് പുരോഗമിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശമെത്തിയത്. ഇതോടെ ഇന്ന് രാത്രി ആനയെ എന്തുചെയ്യണമെന്ന കാര്യത്തില്‍ വനംവകുപ്പ് കൂടിയാലോചനകള്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: