പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഗംഭീരമായി പുരോഗമിക്കുന്നു. ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ വനിതകളില്‍ ലോക ഒന്നാം നമ്പര്‍താരം ഇഗ ഷ്യാങ്ടെക് തകര്‍പ്പന്‍ജയത്തോടെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മറ്റ് മത്സരങ്ങളില്‍ മുന്‍ നിര താരങ്ങള്‍ മിക്കവരും തന്നെ മുന്നോട്ടുകുതിച്ചു.
ചൈനീസ് തായ്പേയ് താരം വാങ് ഷിയൂവിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇഗയുടെ നാലാം റൗണ്ട് പ്രവേശം. ഷിയൂവിന് ഒരവസരം പോലും നല്‍കാതെയായിരുന്നു ഇഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം പൂര്‍ത്തിയാക്കിയത്. സ്കോര്‍: 6-0, 6-0.
ടൂര്‍ണമെന്റിലെ ആറാം സീഡ് വനിതാ സിംഗിള്‍സ് താരം കോക്കോ ഗൗഫ് റഷ്യയുടെ മിറ ആന്ദ്രീവയെ ആണ് തോല്പിച്ചത്. ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരത്തിന് കനത്ത വെല്ലുവിളി നേരിടേണ്ടി വന്ന് നഷ്ടപ്പെടുത്തിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ അനായാസം സ്വന്തമാക്കാനായി. സ്കോര്‍: 6-7(5-7), 6-1, 6-1.
നോര്‍വേ താരം കാസ്പര്‍ റൂഡ് ചൈനയുടെ ഷാങ് ചിന്സെനെ ആണ് മൂന്നാം റൗണ്ട് മത്സരത്തില്‍ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു റൂഡിന്റെ തിരിച്ചുവരവ്. പിന്നീട് തുടരെ മൂന്ന് സെറ്റുകളും പിടിച്ചെടുത്ത് നാലാം റൗണ്ടില്‍ പ്രവേശിക്കുകായിരുന്നു. സ്കോര്‍: 4-6, 6-4, 6-1, 6-4.
മറ്റൊരു ശ്രദ്ധേയ പോരാട്ടത്തില്‍ ഡെന്മാര്ക്കിന്റെ ഹോള്‍ഗര്‍ റൂണെ അര്ജന്റീനക്കാരന് ആല്‍ബര്‍ട്ടോ ഒലിവിയേരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. ഇറ്റാലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ നോവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചാണ് ഹോള്‍ഗര്‍ റൂണെ ശ്രദ്ധേയനായത്. സ്കോര്‍: 6-4, 6-1, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: