മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ ഭാരിച്ച ചെലവാണ് പ്രതീക്ഷിക്കുന്നത്. പരിപാടി കഴിയുമ്പോള്‍ പണത്തിന്റെ വരവ് ചെലവ് സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് യുഎസിലെ ലോക കേരളസഭാ സംഘാടക സമിതി. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ പണപ്പിരിവ് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സംഘാടക സമിതി ഇത്തരത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.
ജൂണ്‍ 9 മുതല്‍ 11 വരെയാണ് ന്യൂയോര്‍ക്കില്‍ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. ഏകദേശം ആറര ലക്ഷം ഡോളര്‍(അഞ്ചരക്കോടി) വരെ പരിപാടിക്ക് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ടൈംസ് സ്ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂര്‍ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി രണ്ടുകോടി രൂപ ചെലവാകും.
പരിപാടിയുടെ നടത്തിപ്പിനായി ഭാരിച്ച തുകയുടെ ആവശ്യമുണ്ട്. പരിപാടിയുടെ ചെലവിലേക്ക് കേരള സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ആവശ്യപ്പെട്ടിട്ടുമില്ല. പരിപാടിയുടെ സുതാര്യത ഉറപ്പ് വരുത്തും. പരിപാടി കഴിയുമ്പോള്‍ ഇതിന്റെ വരവ് ചെലവ് സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമെന്ന് സംഘാടക സമിതി കെ.ജി. മന്മഥന് നായര്‍ അറിയിച്ചു.
അതേസമയം ലോകകേരള സഭ സമ്മേളനത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനായുള്ള പണപ്പിരിവ് തുടരാനാണ് നോര്‍ക്കയുടെ തീരുമാനം. സ്പോണ്‍സര്‍ഷിപ്പ് അമേരിക്കന്‍ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്. എന്നാല്‍ പണപ്പിരവിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് സര്‍ക്കാരിന്റെ മറുപടി. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുന്നത്.
അതിനിടെ പണപ്പിരിവെന ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന് രംഗത്ത്.സ്പോണ്സര് എന്നുപറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. ഇത് പണപ്പിരിക്കുന്നതല്ല, സ്പോണ്‍സര്‍ഷിപ്പാണെന്നന്ന് എ.കെ. ബാലന് പ്രതികരിച്ചു. സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ.
മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ? മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്.ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതി. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ വിവാദം ഉണ്ടാക്കുകയാണെന്നും എ.കെ. ബാലന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: