പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (എസ്സിഒ) രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ 23-ാം ഉച്ചകോടി വെര്‍ച്വല്‍ രൂപത്തില്‍ ജൂലൈ 4നു നടക്കും. 2022 സെപ്തംബര്‍ 16ന് സമര്‍ഖണ്ഡ് ഉച്ചകോടിയിലാണ് ഇന്ത്യ എസ്സിഒയുടെ ‘റൊട്ടേറ്റിങ് ചെയര്മാന്’ സ്ഥാനം ഏറ്റെടുത്തത്.
ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിങ്ങനെ എല്ലാ എസ്സിഒ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, ഇറാന്, ബലറൂസ്, മംഗോളിയ എന്നിവയെ നിരീക്ഷകരാജ്യങ്ങളായും ക്ഷണിച്ചിട്ടുണ്ട്. എസ്സിഒ പാരമ്പര്യമനുസരിച്ച്, തുര്‍ക്ക്മെനിസ്ഥാനെയും അധ്യക്ഷന്റെ അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ, ആസിയന്‍, തുടങ്ങി ആറ് അന്താരാഷ്ട്ര പ്രാദേശിക സംഘടനകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്.
‘സുരക്ഷിതമായ എസ്സിഒയിലേക്ക്’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. സുരക്ഷ; സാമ്പത്തികവും വ്യാപാരവും; സമ്പര്‍ക്കസൗകര്യം; ഐക്യം; പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം; പരിസ്ഥിതി എന്നിവയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകളും നൂതനാശയങ്ങളും; പരമ്പരാഗത വൈദ്യശാസ്ത്രം; ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍; യുവജന ശാക്തീകരണം; ബുദ്ധമതപൈതൃകം പങ്കിടല്‍ എന്നീ വിഷയങ്ങളില്‍ സഹകരണത്തിന്റെ പുതിയ സ്തംഭങ്ങള്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ സ്ഥാപിച്ചു. കൂടാതെ, ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം ആഘോഷിക്കുന്നു. 2022-23ലെ പ്രഥമ എസ്സിഒ സാംസ്കാരികവിനോദസഞ്ചാര തലസ്ഥാന ചട്ടക്കൂടിനു കീഴില്‍ വാരാണസി ആതിഥേയത്വം വഹിക്കുന്ന വിവിധ സാമൂഹ്യസാംസ്കാരിക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.
അംഗരാജ്യങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെയും പരസ്പരപ്രയോജനകരമായ സഹകരണത്തിന്റെയും കാലഘട്ടമാണ് ഇന്ത്യയുടെ എസ്സിഒ അധ്യക്ഷകാലം. 14 മന്ത്രിതല യോഗങ്ങള്‍ ഉള്‍പ്പെടെ ആകെ 134 യോഗങ്ങള്‍ക്കും പരിപാടികള്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചു. സംഘടനയില്‍ ശുഭോദര്‍ക്കവും ക്രിയാത്മകവുമായ പങ്കു വഹിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, അധ്യക്ഷപദവിയുടെ പരിസമാപ്തിയെന്ന നിലയില്‍ വിജയകരമായ എസ്സിഒ ഉച്ചകോടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ.ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: