ന്യൂദല്‍ഹി: ചെങ്കോല്‍ എന്ന ഭൂതകാലത്തിലെ പ്രതീകത്തെ ഇന്നത്തെ കാലത്തെ മൂല്യങ്ങള്‍ ഉറപ്പിക്കാന്‍ എല്ലാവരും ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍. ചെങ്കോലിനെതിരായ കോണ്‍ഗ്രസ് നിലപാടുകളെ തള്ളിയാണ് ശശി തരൂര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ചെങ്കോല്‍ രാജവാഴ്ചയുടെ പ്രതീകമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ വാദം തള്ളിക്കൊണ്ട് ചെങ്കോല്‍ പാര്‍ലമെന്‍റില്‍ സ്ഥാപിക്കുക വഴി ഇന്ത്യയുടെ പരമാധികാരം അവിടെയുണ്ടെന്ന് പറയുക കൂടിയാണെന്നും തരൂര്‍ വ്യക്തമാക്കി.
പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്പീക്കറുടെ കസേരയ്‌ക്ക് വലത്തുവശത്തായി സ്ഥാപിച്ചിരുന്നു. ചെങ്കോലിനെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ വാദത്തിനോട് ശശി തരൂര്‍ പൂര്‍ണ്ണമായും അനുകൂലിച്ചു.
“പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നത്. അതേ സമയം ഭരണഘടന ജനങ്ങള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വാദവും ശരിയാണ്. “- ശശി തരൂര്‍ പറഞ്ഞു. ചെങ്കോല്‍ രാജകാലത്തിന്റെ പ്രതീകമാണെന്ന ജയറാം രമേഷിന്റെ വാദത്തെയും ശശി തരൂര്‍ തള്ളി. അധികാരത്തിന്റെയും ആധികാരികതയുടെയും പ്രതീകമായ ചെങ്കോല്‍ ലോക്സഭയില്‍ സ്ഥാപിക്കുക വഴി ഇന്ത്യയുടെ പരമാധികാരം അവിടെ വസിക്കുന്നു എന്ന് ഉറപ്പിച്ചുപറയുകയാണെന്നും അതല്ലാതെ അതിന് രാജവാഴ്ചയുമായി ബന്ധമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: