ന്യൂദല്‍ഹി : ജലസംരക്ഷണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളമില്ലെങ്കില്‍ ഒരു വ്യക്തിയുടെയും രാജ്യത്തിന്റെയും വികസനം സ്തംഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭാവിയിലെ വെല്ലുവിളി മുന്നില്‍കണ്ട് ഇന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും 75 അമൃത് സരോവറുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇതുവരെ അമ്പതിനായിരത്തിലധികം അമൃത് സരോവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജലസംരക്ഷണത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും മോദി പരാമര്‍ശിച്ചു. സ്റ്റാര്‍ട്ട്അപ്പ് – ഫ്ലക്സ്ജെന്റെ സാങ്കേതിക വിദ്യയിലൂടെ ജല ഉപയോഗത്തിന്റെ രീതികളെക്കുറിച്ച് പഠിക്കാനാകും. ജലത്തിന്റെ ഫലപ്രദമായ ഉപയോഗത്തിന് ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്‍മ്മിത ബുദ്ധിയും മെഷീന് ലേണിംഗും അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം ഉള്ള സ്റ്റാര്‍ട്ടപ്പ് ലിവ്എന്സെന്സിനെയും മോദി പരാമര്‍ശിച്ചു. ഇതിന്റെ സഹായത്തോടെ ജലവിതരണം കാര്യക്ഷമമായി നിരീക്ഷിക്കുകയും ജലം പാഴായിപ്പോകുന്നതും ഇതിന്റെ സഹായത്തോടെ കണ്ടെത്തുകയും ചെയ്യാം.
കുളവാഴ ഉപയോഗിച്ച് കടലാസ് നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് കുംഭികാഗസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് ജലസ്രോതസുകള്‍ക്ക് പ്രശ്നമായി കരുതിയിരുന്ന കുളവാഴ ഇന്ന് കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലെ യുവാക്കള്‍ കാണിച്ച മാതൃകയും പ്രധാനമന്ത്രി ഉദ്ധരിച്ചു. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നു. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവുമായി ബന്ധപ്പെട്ട മറ്റൊരു പരിശ്രമവും ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയില്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ചെക്ക് ഡാമുകളിലൂടെ കുന്തിയിലെ ജനങ്ങള്‍ ജലക്ഷാമത്തിന് പോംവഴി കണ്ടെത്തി. ചെക്ക് ഡാമുകളില്‍ വെള്ളം നിറഞ്ഞതോടെ പച്ചിലകളും പച്ചക്കറികളും അവിടെ വിളയാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: