തിരുവനന്തപുരം: സിപിഎം അഴിമതിയെ വാണിജ്യവത്കരിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന്റെ അവസാന അറ്റത്ത് ഒരു സിപിഎം നേതാവുണ്ടാകുമെന്നും എല്ലാ അഴിമതിയുടെയും അവസാന ചരട് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ അഴിമതിക്കും ഭരണ തകര്‍ച്ചയ്ക്കുമെതിരെ രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു കുമ്മനം രാജശേഖരന്.
ആള്‍മാറാട്ടം, മാര്‍ക്ക് തട്ടിപ്പ്, സ്ത്രീപീഡനം, ലഹരിവ്യാപാരം, സഹകരണബാങ്ക് തട്ടിപ്പുകള്‍ തുടങ്ങി ഏതുവിഷയത്തിലും സിപിഎമ്മിന്റെ കരങ്ങള്‍ കാണാം. അഴിമതിയെ വാണിജ്യവത്കരിച്ച് സ്വന്തമാക്കി തടിച്ചുകൊഴുത്ത പാര്‍ട്ടിയാണ് സിപിഎം. സിപിഎം നേതാക്കള്‍ ഇന്ന് കോടീശ്വരന്മാരാണ്. പാവങ്ങളായ തൊഴിലാളികളെ അവര്‍ക്കുവേണ്ട.
എല്ലാരംഗത്തും പിന്നില്‍ നിന്ന് ഒന്നാമതെന്നായി കേരളത്തിന്റെ അവസ്ഥ. സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിന്റെ വിലകിട്ടാതെ കര്‍ഷകര്‍ സമരത്തിലാണ്. ആയിരം കോടിയോളമാണ് കിട്ടാനുള്ളത്. ഇതുമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമം പെരുകുന്നു. കേരളത്തില്‍ 3.5 ലക്ഷം ഭൂരഹിതരാണുള്ളത്. ഈ അവസ്ഥയില്‍ കേരളത്തെ കൊണ്ടെത്തിച്ചത് ഇടതു വലതു മുന്നണികളാണെന്നും ഇതില്‍നിന്നും മോചനത്തിനുള്ള ചാലകശക്തിയാണ് ബിജെപി എന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, അനില്‍ ആന്റണി, പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ പി.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആരംഭിച്ച രാപകല്‍ സമരം കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാവിലെ ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി സമരത്തെ അഭിസംബോധന ചെയ്തു. എല്ലാ അഴിമതികളും ചെന്ന് സംഗമിക്കുന്ന സമുദ്രമാണ് ക്ലിഫ്ഹൗസെന്നും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ വരെ സംശയനിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ചിദംബരത്തെ അറസ്റ്റുചെയ്തത് 10 വര്‍ഷത്തെ സമഗ്രമായ അന്വേഷണത്തിനു ശേഷമാണെന്നോര്‍ക്കണം, അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: