മലപ്പുറം: കിഴിശേരി ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ (36) മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് അമ്മയും മറ്റു ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറയുന്നു. മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, ബിഹാറിലെ പട്ടികജാതി-പട്ടികവര്‍ഗ സമുദായത്തില്‍ പെട്ടവരാണ് മാഞ്ചികള്‍ എന്ന് അറിയാമായിരുന്നിട്ടും രാജേഷിന്റെ പേര് മാഞ്ചിയെന്നാണെന്നും അച്ഛന്‍ സോമ്ബാര്‍ മാഞ്ചിയാണെന്നറിഞ്ഞിട്ടും പോലീസ് എസ്‌സി-എസ്ടി പീഡന വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല.
രാജേഷിന്റെ ജന്മദേശമായ ബിഹാര്‍ മധേപുരയിലെ കേശോ ഗ്രാമത്തിലെ വില്ലേജ് ഓഫീസറോട് രാജേഷിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പോലീസ് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. സംഭവത്തില്‍ നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒമ്പത് പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.
രാജേഷിനെ മര്‍ദ്ദിച്ചവര്‍ക്ക് പുറമെ മര്‍ദ്ദിക്കാന്‍ പ്രേരിപ്പിച്ചവരെ ഉള്‍പ്പെടെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
മോഷണത്തിനാണ് രാജേഷ് എത്തിയതെന്ന് മൊഴി നല്കി അന്വേഷണത്തെ വഴിതെറ്റിക്കുന്ന സമീപനമാണ് പിടിയിലായ പ്രതികള്‍ സ്വീകരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ ടെറസില്‍ നിന്നു വീണാണ് രാജേഷിന് പരിക്കേറ്റതെന്ന മൊഴി പ്രതികള്‍ ആവര്‍ത്തിക്കുകയാണ്.
പ്രതികള്‍ക്ക് വിദഗ്‌ദ്ധ നിയമോപദേശം ലഭിച്ചിരിക്കാമെന്നും കരുതുന്നു. പ്രതികള്‍ പറയുന്നത് നുണയാണെന്നതിന് തെളിവുകള്‍ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിലും വയറ്റിലും ശക്തമായ മര്‍ദനമേറ്റതായി വ്യക്തമാണ്. ഇതിനു പുറമെ ശരീരത്തില്‍ ധാരാളം പരിക്കുകള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തിയ ഏതാനും ദൃശ്യങ്ങളും വീഡിയോകളും തെളിവായി പോലീസിന് ലഭിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: