സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്ന് 147.04 കോടി രൂപയാണ് ചിത്രം നേടിയിട്ടുളളത്.
മതപരിവര്‍ത്തനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദത്തില്‍ പെട്ടിരുന്നു. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ ഈ മാസം 5നും മറ്റ് 37 രാജ്യങ്ങളില്‍ 12 നും റിലീസ് ചെയ്തു.
രണ്‍ബീര്‍ കപൂറിന്റെ തു ജൂതി മെയ്ന്‍ മക്കാറിന്റെ വരുമാനം കേരള സ്റ്റോറി ഉടന്‍ മറികടക്കും. ടു ജൂതി മെയ്ന്‍ മക്കാര്‍ 44 ദിവസം കൊണ്ട് ആഭ്യന്തര ബോക്സ് ഓഫീസില്‍ 173.90 കോടിയാണ് നേടിയത്.
‘ഐഎസ്ഐഎസ് ക്യാമ്പുകളില്‍ ചേരാന്‍ ഇസ്ലാമിനെ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സിനിമ പറയുന്നു. അതുകൊണ്ട് സിനിമ ഇസ്ലാമിനെ കുറിച്ചുള്ളതാണെന്ന് കരുതുന്നത് തെറ്റാണ്. കേരള സ്റ്റോറി മതത്തെക്കുറിച്ചുളളതല്ല, മതമില്ലാത്ത തീവ്രവാദത്തെക്കുറിച്ചാണ്. എന്റെ മതത്തില്‍ എനിക്ക് വളരെ വിശ്വാസമുണ്ട്. അതിനാല്‍ ഞാന്‍ ഒരിക്കലും മറ്റൊരാളുടെ മതത്തെ താഴ്ത്തിക്കാണിക്കില്ല. എല്ലാ മതങ്ങള്‍ക്കും അഭയം നല്കുന്ന ഒരു രാജ്യത്താണ് നാമെല്ലാവരും ജീവിക്കുന്നത് -നായിക ആദ ശര്‍മ്മ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിപുല്‍ ഷാ നിര്‍മ്മിച്ച ദി കേരള സ്റ്റോറി, കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ മതം മാറാന്‍ നിര്‍ബന്ധിതരാക്കിയതും ഭീകര സംഘടനയായ ഐസിസില്‍ എത്തിച്ചതും എങ്ങനെയെന്ന് പറയുന്നു. പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിക്കുകയും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകള്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മറുവശത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതി ഇളവ് നല്കി.
ദി കേരള സ്റ്റോറിയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് കാട്ടി കേരള സ്റ്റോറി നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ നിന്ന് മറുപടി തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: