ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഉള്ളത് ഉള്ളുണര്വ്വെന്ന അനന്താവബോധം മാത്രം. അത് ശുദ്ധബോധത്തിന്റെ നേരറിവാണ്. അചഞ്ചലമായ, പ്രശാന്തമായ, അമൂര്‍ത്തമായ, പൂര്‍ണ്ണമായ പ്രബുദ്ധതയാണത്. ആ നിശ്ചലഘനമായിരിക്കുന്ന അവബോധത്തില്‍ രൂപങ്ങളും ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതും അതേ ഉള്ളുണര്വിന്റെവ്യത്യസ്ഥഭാവങ്ങള് മാത്രമാണ്. അനുഭവിക്കുന്നയാളും അനുഭവവും ഒന്നാകുന്നു. ദൃശ്യവും ദൃഷ്ടാവും ഒന്നാകുന്നു. അറിവും അറിയുന്നവനും താദാത്മ്യത്തിലാണ്. അനുഭവവും, ദര്‍ശനവും ബോധനവും മാത്രമേയുള്ളു.
അവയെല്ലാം അനന്താവബോധത്തില്‍ത്തന്നെയാണ്. സര്‍വ്വവ്യാപിയാണത്. ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ പ്രാഭവത്തിന് പരിമിതിയുള്ളതുകൊണ്ട് അനുഭവസീമകള്ക്ക ്പരിധിയുണ്ടെങ്കിലും അവബോധം സീമാതീതമാണ്. സീമാതീതമായ ഉള്ളുണര്‍വ്വാണ് ഞാന്‍. എന്നിലിത ്അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേരറിവാണ്.
യമദേവന് പറഞ്ഞു. ‘ആശ്ചര്യം, ആശ്ചര്യം! ഇതാണ് ജ്ഞാനിയില്‍ സുദൃഢമായ പരമമായ സത്യം. ഇവിടെ വ്യതിരിക്തനായ ഒരുസ്വത്വം അവബോധത്തില്‍ നിന്നും ഭിന്നമായി ഇല്ല. വ്യക്തിത്വമെന്ന ഭാവമില്ല. സംസാരികള്‍ക്ക് പോലും ചിലപ്പോള്‍ ഈയവസ്ഥ അനുഭവവേദ്യമാവാറുണ്ട്. ഉദാഹരണത്തിന്, കായികവിനോദാവസരത്തില്, സംഗീത, നൃത്ത, ചിത്രരചനപോലുള്ള കലകളിലും മറ്റും പൂര്‍ണ്ണമായും ആമഗ്നനായവര് ചിലപ്പോള്‍ താനറിയാതെതന്നെ ആ സിദ്ധിയുടെ അനര്‍ഗ്ഗള നിര്ഗ്ഗളനത്തില് സ്വയംമറക്കാറുണ്ട്. അത് പലപ്പോഴും ആഹ്ലാദജനകവുമാണ്. സംസാരിയെ സംബന്ധിച്ചിടത്തോളം, ഈ ആനന്ദാവസ്ഥകള്‍ അവര്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മ്മത്തെയും ചുറ്റുപാടുകളേയും ആശ്രയിച്ചാണ് ഉണ്ടാവുന്നത്. മാത്രമല്ല ഈയനുഭവം നീണ്ടുനില്ക്കുകയുമില്ല. എന്നാല്‍ പൂര്‍ണജ്ഞാനം സിദ്ധിച്ചവന് ഈ ആനന്ദാവസ്ഥ ശാശ്വതമത്രേ! അതില്‍നിന്നും അയാള്‍ക്ക് തിരിച്ചുപോകേണ്ടതായില്ല. ജ്ഞാനിയുടെ സ്വഗേഹം അതാണ്. ചുറ്റുപാടുകള്‍ എന്തായിരുന്നാലും ആഴത്തിലുള്ള ആനന്ദത്തിലും സന്തുഷ്ടിയിലുമയാള്സുദൃഢനായിരിക്കുന്നു.’
സ്വന്തംവീട്, സ്വധാമം, സ്വഗേഹം എന്നവാക്ക് അച്ഛനെക്കുറിച്ചും ഞാന്‍ ജനിച്ചു വളര്ന്നഗൃഹത്തെപ്പറ്റി എന്നില്‍ ഓര്‍മ്മയുണ്ടാക്കി. നമ്മുടെവീട് എന്ന അഭയസ്ഥാനം നാമെല്ലാം മനസ്സില്‍ താലോലിക്കുന്ന സ്വന്തം ഇടമാണ്. തികച്ചും സ്വസ്ഥമായി ഉല്ലാസത്തോടെ വിശ്രാന്തിയടയാനുതകുന്ന ഇടം. എത്രദൂരെപ്പോയാലും തിരിച്ചുചെന്ന് ഇളവേല്‍ക്കാനൊരു തണലാണ് നമ്മുടെവീട്. അത് ഭൂമിയില്‍ എവിടെയെങ്കിലും കെട്ടിയുയര്‍ത്തിയ സൗധമല്ല; ഞാനെന്ന വ്യക്തി, ശരീരത്തിനുള്ളില്‍ ഇരിക്കുന്ന പരിമിതസ്വത്വവുമല്ല. ഞാന്‍ അമൂര്‍ത്തമായ അനന്താവബോധസാന്നിദ്ധ്യമാണ്. പ്രപഞ്ചംമുഴുവനും എന്നിലിരിക്കുന്നു. ഈ ദേഹേന്ദ്രിയമനഃഉപകരണം അങ്ങുമിങ്ങും സഞ്ചരിക്കുന്നതായി കാണുന്നുവെങ്കിലും ഒരിടത്ത്, സ്വധാമത്തില്നില്ക്കുന്നതുതന്നെയാണ് അതിന് ഹിതകരം. കാരണം, അതിലെ സഹജമായ ഉപാധികള്‍ അങ്ങനെയാണ് അതിനെ ശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഞാന്‍ ഉപാധിരഹിതമായ അവബോധമാണ്. എല്ലായിടവും എനിക്ക് സ്വധാമം തന്നെയാണ്. സ്വന്തം വീടാണ്. സ്വഗേഹം ഭൂവനത്രയമാണ്. അതെപ്പോഴും അങ്ങനെതന്നെയാണ്. എന്റെ ഗൃഹത്തിന് കാലദേശപരിമിതികള്‍ ഇല്ല. ദേഹേന്ദ്രിയ മനഃഉപകരണത്തില് ബന്ധിക്കപ്പെട്ടതുപോലെയിരിക്കുന്ന ജീവന് അതിന്റെസ്ഥാനം എപ്പോഴും ‘ഇവിടെ’യാണെന്നറിയാം. അത് അനുഭവങ്ങളെ വേദിക്കുമ്പോള്‍ ‘ഇപ്പോള്‍’ ആണെന്നും അറിയാം.’ഇപ്പോള്‍, ഇവിടെയാണ്’ എല്ലാമെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: