വിശ്വപുരുഷന്റെ ശരീരത്തില്‍ അവിടവിടെയായി പല ദേവതകള്‍ വാഴുന്നുവെന്നാണ് വിരാടബ്രഹ്മത്തെപ്പറ്റിയുള്ള സങ്കല്പം. ഗോമാതാവിന്റെ ശരീരത്തില്‍ വിവിധ ദേവതകള്‍ വാഴുന്നതായുള്ള ചിത്രം കാണാറുണ്ടല്ലോ. ഇതുപോലെതന്നെ മനുഷ്യശരീരത്തിലും പല സ്ഥാനങ്ങളിലായി പല ദേവതകള്‍ വസിക്കുന്നുവെന്നു പറയപ്പെടുന്നു.
അതിനാല്‍ മനുഷ്യശരീരം ആത്മസത്തയുടെ ദേവാലയമാണ്. ധാര്‍മ്മിക കര്‍മ്മകാണ്ഡങ്ങള്‍ ചെയ്യുമ്പോള്‍ ഭാവനയിലൂടെ ഈ ദേവശക്തികളെ പ്രതിഷ്ഠിക്കുന്നു. പൂജാവിധിയില്‍ ‘ന്യാസം’ എന്ന ക്രിയ ഈ ഉദ്ദേശപൂര്‍ത്തിക്കുവേണ്ടിയാണ് ചെയ്യപ്പെടുന്നത്.
സാധാരണയായി ഈ ദേവതകളെല്ലാം സുഷുപ്താവസ്ഥയിലാണു കഴിയുന്നത്. ഇവര്‍ പെട്ടെന്നങ്ങനെ ഉണരുന്ന കൂട്ടത്തിലല്ല. പലപ്രകാരത്തിലുള്ള സാധനകളും തപശ്ചര്യകളും അനുഷ്ഠിക്കുന്നത് ഇവരെ ഉണര്‍ത്താന്‍ വേണ്ടിയാണ്. ഉറങ്ങിയ സിംഹവും സര്‍പ്പവും മറ്റും ജീവനില്ലാത്തതുപോലെ കിടക്കും. എന്നാല്‍ അവ ഉണര്‍ന്നുകഴിയുമ്പോള്‍ തങ്ങളുടെ പരാക്രമം പ്രകടിപ്പിക്കുന്നു. മന്ത്രസാധനയിലൂടെ ഈ പ്രക്രിയതന്നെയാണ് ശരീരത്തില്‍ ഉറങ്ങിക്കിടക്കുന്ന വിശിഷ്ടശക്തികളെ ഉണര്‍ത്താന്‍ വേണ്ടി ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അംഗസ്വാധീനമില്ലാത്ത ഒരു വ്യക്തി മന്ത്രസാധനയിലൂടെ വിശിഷ്യാ ഗായത്രീ ഉപാസനയിലൂടെ സ്വാധീനശക്തി നേടി ജീവസ്സും പ്രസരിപ്പും കൈവരിക്കുന്ന പ്രക്രിയയാണിത്. ഇപ്രകാരം സംജാതമായ ശക്തിവൈശിഷ്ട്യത്തെ മന്ത്രത്തിന്റെ പ്രതിക്രിയ എന്നോ, മന്ത്രംമുഖേന ലഭിച്ച സിദ്ധി എന്നോ പറയാം.
ഗായത്രീമന്ത്രത്തിന്റെ 24 അക്ഷരങ്ങളില്‍ ഓരോന്നിനും അതുമായി ബന്ധപ്പെട്ട ശക്തിവൈശിഷ്ട്യത്തെ ഉണര്‍ത്താനുള്ള കഴിവുണ്ട്. അതോടൊപ്പംതന്നെ ഓരോ അക്ഷരവും മനുഷ്യന്റെ വ്യക്തിത്വത്തെ സര്‍വതോമുഖമായ ഉയര്‍ച്ചയിലേയ്‌ക്കു നയിക്കത്തക്ക ശക്തിയാര്‍ന്ന സദ്ഗുണങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ സദ്ഗുണങ്ങള്‍ക്കു തനതായ പ്രവര്‍ത്തനശേഷിയുണ്ട്. അതായത് ഈ സദ്ഗുണങ്ങളുടെ ആവിര്‍ഭാവംമൂലം മനുഷ്യന്‍ സ്വയം ഉത്തമമാര്‍ഗത്തിലൂടെ ചലിക്കുകയും തല്‍ഫലമായി ദേവപൂജയോ മന്ത്രാരാധനയോ മുഖേന അഭിലഷിക്കുന്ന സഫലത നേടുകയും ചെയ്യുന്നു.
ഓജസ്സ്, തേജസ്സ്, വര്‍ചസ്സ് എന്നു പറയുന്നതും ഇതുതന്നെയാണ്. ആദ്യത്തെ ചരണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വിധത്തില്‍ സൂര്യനെപ്പോലെ തേജസ്സും ഊര്‍ജ്ജവും ചലനവും മനുഷ്യനില്‍ ഉളവാക്കുന്നപക്ഷം ഔന്നത്യങ്ങളിലേയ്‌ക്കു കുതിച്ചുകയറാനും ഏതുവിധ പ്രതിസന്ധികളെയും അഭിമുഖീകരിക്കുവാനും സാധിക്കുന്ന ശക്തിനേടി ബലവാനായിത്തീരുന്നു. ഇതുപോലെത്തന്നെ രണ്ടാംചരണത്തില്‍ ദേവത്വത്തെ ദൈവികസദ്ഗുണങ്ങളെ വരിക്കുന്ന കാര്യമാണു പറഞ്ഞിരിക്കുന്നത്. മനുഷ്യരില്‍ത്തന്നെ മൃഗങ്ങളും പിശാചുക്കളും ദേവന്മാരും ഉണ്ട്. ശാലീനത, സല്‍സ്വഭാവം, വിശിഷ്ടത, സന്മനസ്സ് എന്നിവ ദേവഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. മൂന്നാംചരണത്തില്‍ സമുദായത്തിനാകമാനം സദ്ബുദ്ധി ഉളവാകേണ്ട കാര്യമാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒറ്റയ്‌ക്കു ഒരു കടല പൊരിക്കാന്‍ പറ്റുകയില്ല. ഒരു നാരുകൊണ്ടു കയറുണ്ടാക്കാന്‍ സാധിക്കുന്നതല്ല. ഒരു ഈര്‍ക്കില്‍കൊണ്ട് ചൂലുണ്ടാക്കിയാല്‍ എന്തിനു പ്രയോജനപ്പെടും? അതുകൊണ്ടാണ് ചിന്തനം (ജ്ഞാനം) ഒരാളില്‍മാത്രം ഒതുക്കി നിര്‍ത്തരുതെന്നു പറയുന്നത്. സാമൂഹികത്വത്തിനും സമുദായികത്വത്തിനും വേണ്ടത്ര പ്രാധാന്യം നല്‍കണം. സദ്ബുദ്ധികൊണ്ട് നമ്മേളോടൊപ്പം മറ്റുള്ളവരെയും പ്രബുദ്ധരാക്കണം. ദുര്‍ബുദ്ധിയാണ് ദുഷ്ടതയ്‌ക്കും വിനാശത്തിനും വഴിതെളിയിക്കുകയും ദുര്‍ഗതിക്കു കാരണമായിത്തീരുകയും ചെയ്യുന്നതെന്ന സംഗതി വിസ്മരിക്കരുത്.
സിദ്ധാന്തവും പ്രയോഗവും സംയോജിക്കുമ്പോഴാണു ഏതുകാര്യവും പൂര്‍ണത പ്രാപിക്കുന്നത്. ഗായത്രീമന്ത്രത്തിന്റെ ഉപാസനാപരമായ കര്‍മ്മകാണ്ഡം ഫലത്തെ പ്രദാനം ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ശബ്ദങ്ങളുടെ കമ്പനം നമ്മുടെ ഉള്ളിലെ രഹസ്യശക്തികള്‍ക്കു ഉത്തേജനം നല്‍കുന്നു. എന്നാല്‍ ഇതോടൊപ്പംതന്നെ സ്വച്ഛവും ശുദ്ധവും പരിഷ്‌കൃതവുമായ വ്യക്തിത്വം ഭാവനയിലും സ്വഭാവത്തിലും കര്‍മ്മത്തിലും ലയിക്കുമ്പോളാണ് ‘സാധനമുഖേനസിദ്ധി’ പ്രാപിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നത്. സ്വഭാവശുദ്ധി ഇല്ലാത്തവരും ദുര്‍മ്മതികളും നിന്ദ്യരും നീചരും ആചാരശുദ്ധി ഇല്ലാത്തവരും ദുഷ്‌കര്‍മ്മികളും ദുര്‍മ്മാര്‍ഗികളുമായ വ്യക്തികള്‍ ജപപൂജാദികള്‍ ചെയ്തുകൊണ്ടിരുന്നാല്‍ത്തന്നെയും കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകുകയില്ല.
ഇങ്ങനെ സാധനയുടെ ഒരുപക്ഷം മാത്രം അവലംബിച്ച് പ്രയോജനം ലഭിക്കാതെവരുമ്പോള്‍ ആളുകള്‍ ഉപാസനയും അദ്ധ്യാത്മവും ആകമാനം അര്‍ത്ഥശൂന്യമാണെന്നു വിളിച്ചുപറഞ്ഞുനടക്കുന്നതു സാധാരണ കാണാറുണ്ട്. വൈദ്യതിയുടെ രണ്ടു ചാര്‍ജ്ജും കൂടി ചേരുമ്പോള്‍മാത്രമേ കറന്റ് ഉണ്ടാകുകയുള്ളൂ. അല്ലാത്തപക്ഷം വിവിധ ഉപയോഗങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഉപകരണങ്ങള്‍ എല്ലാം വെറുതെ കിടക്കുകയേ ഉള്ളൂ.
അതുകൊണ്ടാണ് ഉപാസനയുടെ കൂടെ ജീവിതസാധനയും പൊതുജനക്ഷേമത്തിനുവേണ്ടിയുള്ള ആരാധനയും (പ്രവര്‍ത്തനവും)കൂടി വേണമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വന്തം വ്യക്തിത്വവും പ്രതിഭയും ഉത്തരോത്തരം ഉന്നതമാക്കാന്‍ ശ്രമിക്കുകയും പുണ്യപ്രദവും പൊതുജനക്ഷേമോന്മുഖവും ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കഴിയുകയും ചെയ്യുന്ന വ്യക്തികളുടെ പൂജയാണ് ഫലവത്താകുന്നത്. ത്രിപദാഗായത്രിയില്‍ പദഘടനാപരമായി മൂന്നു ചരണങ്ങള്‍ ഉണ്ട്. അതോടൊപ്പം ഗായത്രി ആകുന്ന വടവൃക്ഷം വിശാലമായി വളര്‍ന്നുപന്തലിച്ച് പുഷ്പിക്കുകയും കായ്‌ക്കുകയും ചെയ്യാന്‍വേണ്ടി ധര്‍മ്മഭാവനയും സേവാസാധനയുമാകുന്ന വളവും വെള്ളവും നല്‍കിക്കൊണ്ടിരിക്കണമെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: