ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച നടക്കുമ്പോള്‍ ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ചോദ്യമാണ് കൂടുതലായി ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ പ്രവചിച്ചതോടെയാണ് ഈ ചോദ്യം.
കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമെന്ന് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മറ്റ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 224 അംഗ നിയമസഭയില്‍ 113 സീറ്റുകള്‍ നേടിയാല്‍ കേവലഭൂരിപക്ഷമായി. 2018ലെ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.
അവസാന ലാപ്പില്‍ പ്രധാനമന്ത്രി മോദിയുടെ വരവില്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ വലിയ ജനവികാരമാണ് ഉയര്‍ന്ന് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ പ്രധാനമന്ത്രി മോദി നല്‍കിയ ഈ ട്വിസ്റ്റ് ശരിക്കും കോണ്‍ഗ്രസ് പാളയങ്ങളെ ഞെട്ടിച്ചു. ബജ്രംഗ് ബലി (ഹനുമാന്‍) യെ വെച്ച് നടത്തിയ മോദിയുടെ റോഡ് ഷോയും മറ്റും കോണ്‍സിനെതിരായ വികാരം ശക്തിപ്പെടുത്തിയത് ബിജെപിയ്‌ക്ക് അനുകൂലമായ തരംഗം കര്‍ണ്ണാടകത്തില്‍ ഉയര്‍ത്തിവിട്ടിരുന്നു.
അതുപോലെ അവസാന ദിവസങ്ങളില്‍ സോണിയാഗാന്ധി കര്‍ണ്ണാടകത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് നടത്തിയ പ്രഖ്യാപനവും ബിജെപിയ്‌ക്ക് സഹായകരമായി. രാജ്യത്തെ വെട്ടിമുറിക്കാനുള്ള പ്രവണതയാണ് സോണിയാഗാന്ധിയുടെ ഈ പ്രസംഗമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ബിജെപി വിജയിച്ചു. ഭാരതത്തിലെ ഒരു സംസ്ഥാനം മാത്രമായ കര്‍ണ്ണാടകത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന സോണിയാഗാന്ധിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതായിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയും പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളും ഉയര്‍ത്തുന്ന അതേ സ്വരമാണ് കോണ്‍ഗ്രസ് നേതാവായ സോണിയാഗാന്ധിയില്‍ നിന്നും രാജ്യം കേട്ടത്. ഫെഡറലിസത്തിന്റെ പേരില്‍ വിഘടനവാദപ്രവണത ഉയര്‍ത്തുന്ന കോണ്‍ഗ്രസ് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.
വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് നടത്തിയ കുത്സിതനീക്കമാണ് കോണ്‍ഗ്രസ് ഇക്കുറി കര്‍ണ്ണാടകത്തില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതുവഴി പുതിയൊരു രീതിയാണ് കോണ്‍ഗ്രസ് തുടങ്ങിവെച്ചിരിക്കുന്നത്. അപകടകരമാണ് ഈ നീക്കം. ഇതിനെതിരെ പ്രധാനമന്ത്രി മോദി പല തവണ താക്കീത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് അവസാനനിമിഷം വരെ ഇത് തുടര്‍ന്നു.
ന്യൂസ് നേഷൻ സർവേ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും കർണാടകയിൽ തൂക്ക് നിയമസഭ വരുമെന്നാണ് പ്രവചിക്കുന്നത്. ചില എക്സിറ്റ് പോളുകള്‍ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നും പ്രവചിക്കുന്നു.ഏറെ വിശ്വസനീയമായ സിവോട്ടര്‍ സര്‍വ്വേ തുടക്കത്തില്‍ നടത്തിയ അഭിപ്രായസര്‍വ്വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന പ്രവചനം നടത്തിയത് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിഞ്ഞതിന് തെളിവാണ്.
ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ തെറ്റിയതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രവാചകന്‍ (സെഫോളജിസ്റ്റ്) എന്ന് പേരെടുത്ത് പ്രണോയ് റോയിക്ക് പോലും 2019ല്‍ മോദി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് പാറ്റേണുകള്‍ കണക്കുകൂട്ടുമ്പോള്‍ ചെറിയ പിഴവ് വന്നാല്‍ പോലും പ്രവചനത്തില്‍ വലിയ തെറ്റുകള്‍ സംഭവിയ്‌ക്കും. അതുകൊണ്ട് തന്നെ ബിജെപി എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയുന്നു. വിജയം തങ്ങള്‍ക്കാണെന്ന ആത്മവിശ്വാസം ബിജെപിയ്‌ക്കുണ്ട്.
ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: