ന്യൂദല്‍ഹി : ദ കേരള സ്‌റ്റോറി മറ്റ് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തിന് ബംഗാളില്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി. ബംഗാളില്‍ ദ കേരള സ്‌റ്റേ ചെയ്തതിനെതിരെ സിനിമയുടെ നിര്‍മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സിനിമ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ അദൃശ്യമായി സിനിമാ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തലിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് എക്‌സിബിറ്റേഴ്‌സ് പിന്മാറിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ ആരോപിച്ചു.
അതേസമയം സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ ഹര്‍ജി നല്‍കിയപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. അതിനാല്‍ നിര്‍മാതാക്കളുടെ ഈ ഹര്‍ജിയും ഹൈക്കോടതിക്ക് വിടണമെന്നും ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി അറിയിച്ചു. ഇത് കൂടാതെ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളേയും തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ബംഗാള്‍ അറിയിച്ചു.
എന്നാല്‍ ബംഗാളിന്റെ അതേ രീതിയില്‍ ജനസംഖ്യാ പ്രത്യേകതകളുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അങ്ങനെയിരിക്കേ ബംഗാളില്‍ മാത്രം ചിത്രത്തിന് നിരോധനം ഏര്‍പ്പടുത്തുന്നത് എന്തിനാണെന്നും സുപ്രീംകോടതി ആരാഞ്ഞു.
തമിഴ്‌നാട്ടില്‍ സിനിമാ പ്രദര്‍ശനത്തിനെതിരെ ഭീഷണി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകള്‍ക്കും സുരക്ഷ നല്‍കണമെന്ന് ഹരീഷ് സാല്‍വേ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: