കാഞ്ഞാണി: മതിയായ സുരക്ഷയില്ലാത്തതിനാല്‍ സൗഹ്യദ തീരത്ത് ഉല്ലസിക്കാനെത്തുന്നവരുടെ ജീവന് ഭീഷണി ഉയരുന്നതായി വ്യാപക ആക്ഷേപം. കണ്ടശാങ്കടവിലെ സൗഹൃദ തീരത്തേക്കാണ് അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടത്. ഇവിടെയെത്തുന്നവര്‍ അപകടത്തില്‍ പെടാതെ പോകുന്നത് ദൈവാധീനം കൊണ്ടു മാത്രമാണ്. ചീഫ് മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള കണ്ടശ്ശാങ്കടവ് ജലോത്സവം നടക്കുന്ന സൗഹൃദ തീരത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞു തുടങ്ങിയിട്ട് നാളുകളായി.
ബോട്ടിങ് അടക്കം നിരവധി ജലവിനോദങ്ങള്‍ ഉള്ള ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഭയന്ന് നടക്കേണ്ട അവസ്ഥയാണ്. കനോലി കനാലിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കാവുന്ന പവലിയനിലേക്കും കുട്ടികളുടെ പാര്‍ക്കിലേക്കും ഓപ്പണ്‍ ജിമ്മിലേക്കുമായി നിരവധി പേര് ഇവിടെ എത്തുന്നുണ്ട്. പവലിയനും ബോട്ടിങ് നടത്തുന്നതിനുമിടയില് കനോലി കനാലിനോട് ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നുകിടക്കുന്നത്. കോണ്‍ക്രീറ്റ് അടര്‍ന്ന് മുകള്ഭാഗം ആകെ തകര്‍ന്നു. തറഭാഗത്ത് മണ്ണിളകിയത് മൂലം ഈ പ്രദേശം എപ്പോള്‍ വേണമെങ്കിലും പുഴയിലേക്ക് പതിക്കാം. ബോട്ട് ജെട്ടിയുടെ സമീപത്തു നിന്നും പവലിയന് മുന്നിലൂടെ നടക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് പാളികളില്‍ കാല് അകപ്പെടുകയും പുഴയിലേക്ക് പതിക്കുകയും ചെയ്യും.
സഞ്ചാരികള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാനായി ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പവലിയനും പാര്‍ക്കും നിര്‍മിച്ച് മണലൂര്‍ പഞ്ചായത്തിന് നടത്തിപ്പിനായി കൈവശാവകാശം കൊടുത്ത സ്ഥലമാണിത്. സൗഹൃദ തീരം അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനുമായി ഒരു കോടി രൂപ എംപി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണം ഏറ്റെടുക്കുന്ന വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നതെന്നാണ് ആക്ഷേപം.
കണ്ടശാങ്കടവിലെ സൗഹൃദ തീരത്ത് കനോലി കനാലില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന സ്പീഡ് ബോട്ട്, കയാക്കിങ്ങ്, ഷിക്കാര, പെഡല്‍ ബോട്ട് എന്നിവയുണ്ട്. താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പഞ്ചായത്ത് നിര്‍ത്തിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ഇവയ്ക്ക് വീണ്ടും അനുമതി നല്‍കുകയുള്ളൂ എന്ന് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ0് പി.ടി. ജോണ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: