വെള്ളരിക്കുണ്ട്: കടുത്ത ചൂടില്‍ മലയോരത്തെ തോടുകളും കിണറുകളും ഉള്‍പ്പടെയുള്ള ജലാശയങ്ങള്‍ വറ്റി വരണ്ടതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. അതോടൊപ്പം കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങുകയാണ്. ജില്ലയില്‍ പലയിടത്തും വേനല്‍മഴ ലഭിച്ചെങ്കിലും വെള്ളരിക്കുണ്ട് താലൂക്കില്‍ കാര്യമായി പെയ്തില്ല.
മലയോരം വറ്റിവരണ്ട് കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കള്ളാര്‍ പഞ്ചായത്തില്‍ 14 ചെക്ക്ഡാമുകള്‍ നോക്കുകുത്തിയാവുകയാണ്. കനത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണ് മലയോരം. ജലക്ഷാമം നേരിടാന്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച്നിര്മിച്ച ചെറുതും വലുതുമായ ഒട്ടേറെ ചെക്ക്ഡാമുകള്‍ മലയോരത്തുണ്ട്. പലക ഇടാതെയും അറ്റകുറ്റപ്പണി നടത്താതെയും ഇവ നശിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് നിര്‍മിച്ചത് പോലും പലയിടത്തും സംരക്ഷണമില്ലാതെ കിടക്കുന്നു.ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചവയാണിത്.
കള്ളാര്‍ പഞ്ചായത്തില്‍ ആടകം, കൊട്ടോടി, കുടുംബൂര്‍, കള്ളാര്‍, പെരുമ്പള്ളി, ചുള്ളിക്കര, പയ്യച്ചേരി, അയ്യങ്കാവ്, വണ്ണാത്തിക്കാനം, മുണ്ടോട്ട്. അഞ്ചാല, പൈനിക്കര, കോളിച്ചാല്‍ പൂക്കയം പ്രദേശങ്ങളിലാണ് ചെക്ക്ഡാമുകള്‍. പ്രധാന ജലസ്രേതസ്സായ കൊട്ടോടി, കുടുംബൂര്‍, പൂക്കയം, പെരുമ്പള്ളി പുഴകളില്‍ പതിവിലും നേരത്തെ വെള്ളം കുറഞ്ഞു.വെള്ളം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച ചെക്ക്ഡാമുകള്‍ അറ്റകുറ്റ പ്പണി നടത്തി സംരക്ഷിച്ചാല്‍ ഇത്രയും രൂക്ഷമായ ജലക്ഷാമം മേഖലയില്‍ അനുഭവപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: