ബെംഗളൂരു: വിവിധ കാരണങ്ങളാല്‍ വ്യത്യസ്തവും ചരിത്രപരവുമായ ഒരു തെരഞ്ഞെടുപ്പായിരിക്കും കര്‍ണാടകത്തിലെ നിയമസഭയിലേക്ക് നടക്കുന്നതെന്ന് കേന്ദ്രമന്ത്രിയും കര്‍ണടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ ഘടകങ്ങളിലൊന്ന് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക ഭൂരിപക്ഷം ലഭിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാകുമെന്നും അത് ബിജെപി തന്നെ ആയിരിക്കും എന്നതുമാണ്.
2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ അന്നത്തെ ജനവിധി ബിജെപിക്ക് അനുകൂലമായി. എന്നാല്‍ ഇരുപാര്‍ട്ടികളും ഒത്തുചേര്‍ന്ന് 20 മാസത്തോളം ജനവിധി ഹൈജാക്ക് ചെയ്തതാണ് നമ്മള്‍ അന്ന് കണ്ടത്. അടുത്ത അഞ്ച് വര്‍ഷം തടസ്സമില്ലാത്തതും സുസ്ഥിരവുമായ വികസനം യാഥാര്‍ഥ്യമാക്കുന്നതിനു കെല്‍പ്പുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നാണ് ഇന്ന് ബിജെപിയുടെ അഭ്യര്‍ത്ഥനയെന്നും അദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് പല പാര്‍ട്ടികളും ചെയ്യുന്നത് പൊള്ളയായ കുറച്ചേറെ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച പ്രകടനപത്രികകള്‍ തട്ടിക്കൂട്ടുക എന്നതാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല. ദേശീയവീക്ഷണമുള്‍ക്കൊണ്ടുകൊണ്ടും ദേശീയ നയങ്ങള്‍ക്കനുസൃതമായും സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള സമീപനമാണ് ബിജെപി കര്‍ണാടകത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ഉറപ്പാക്കുക, യുവാക്കള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും താഴെത്തട്ടില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കുക എന്നിവക്കാണ് ഇത്തവണയും ബിജെപി ഊന്നല്‍ നല്‍കുന്നത്. കര്‍ണാടകയില്‍ ഒരു പ്രകടന പത്രികയും തങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം.
അതിനാല്‍ത്തന്നെ ഒരിക്കലും പാലിക്കപ്പെടാത്ത പ്രീണനവും ധാരാളം വാഗ്ദാനങ്ങളും അവരുടെ പ്രകടനപത്രികയില്‍ കാണാന്‍ കഴിയും. അതെസമയം പ്രകടനപത്രികയ്‌ക്ക് പുറത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പഴയ രാഷ്‌ട്രീയം തന്നെ അവര്‍ തുടരുകയാണ്. കര്‍ണാടകത്തിലെ യാഥാര്‍ഥ്യബോധമുള്ള ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും എന്ന് തന്നെ കരുതുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: