മുംബൈ: ശരദ് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) കൂട്ടരാജി. ജിതേന്ദ്ര അവ്ഹാദ് എംഎല്‍എ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ജിതേന്ദ്രയ്‌ക്കൊപ്പം താനെ ഘടകത്തിലെ നിരവധി ഭാരവാഹികളും രാജിവച്ചു. ജിതേന്ദ്ര അവ്ഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മറ്റൊരു നേതാവായ അനില്‍ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുമെന്നും പ്രഖ്യാപിച്ചു. പവാറിനെ തിരികെയെത്തിക്കാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. മുന്‍ മന്ത്രിയും താനെയിലെ മുംബ്രകല്‍വ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് രാജിവച്ച അവ്ഹദ്. മഹാരാഷ്‌ട്രയിലെ എന്‍സിപിയുടെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളും പവാറിന്റെ അടുത്ത അനുയായിയുമാണ്.
ചൊവ്വാഴ്ച ശരദ് പവാര്‍ തന്റെ ആത്മകഥ പ്രകാശനവേളയിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍, രാജിക്കെതിരെ വലിയ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ രണ്ടോ മൂന്നോ ദിവസം ആലോചിച്ച് തീരുമാനം പറയാമെന്നാണ് പവാര്‍ അറിയിച്ചത്.
അതേസമയം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പതിനെട്ടംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പവാറിന് ശേഷം അനന്തരവന്‍ അജിത് പവാര്‍ ആയിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: