ന്യൂദല്‍ഹി : ദ കേരള സ്റ്റോറി എന്ന സിനിമ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സിനിമയുടെ പ്രദര്‍ശനത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ അടിയന്തിരമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഒരു സമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാണിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി ഹാജരായ സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവര്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. അതിനാല്‍ സുപ്രീം കോടതി അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് തടയണമെന്നാണോ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് എഴുതി കാണിക്കണമെന്ന് ഗ്രോവര്‍ മറുപടി നല്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ഇതോടെ ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് തടയണം, അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ഇവരോടും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനാല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്താല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രത്തിനെതിരായ അപേക്ഷയില്‍ ഇടപെടാന്‍ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചും കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: