മുന്ഗാമികളില് നിന്ന് നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനെയും ഭരണാധികാരിയെയും വ്യത്യസ്തനാക്കുന്നത് ജനങ്ങളുമായി ശക്തവും ഊഷ്മളവുമായ ബന്ധം നിലനിര്‍ത്താനുള്ള അപാരമായ ശേഷിയാണ്. ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് രാഷ്ട്രീയ പ്രതിയോഗികളില്‍നിന്ന് ലോകത്തുവച്ചുതന്നെ ഇത്രയേറെ എതിര്‍പ്പ് നേരിട്ട മറ്റൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. അപ്പോഴൊക്കെ ജനങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ നേടുകയും എതിരാളികള്‍ ഒറ്റപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്. ഭരണാധികാരിയെന്ന നിലയ്ക്ക് മോദിയുടെ ഈ വിജയം ഗുജറാത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുമെന്ന് കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാടെ തെറ്റിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജനങ്ങളുമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും സവിശേഷമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആകര്‍ഷകവും ഫലപ്രദവുമായ ഒന്നാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത്. 100 എപ്പിസോഡ് പൂര്‍ത്തിയായിരിക്കുന്ന ഈ ബഹുജന സമ്പര്‍ക്ക പരിപാടി ലോകത്തുതന്നെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എതിരാളികള്‍ക്കുപോലും അസൂയയുണ്ടാക്കുന്ന ഈ ആശയവിനിമയ രീതി ജനലക്ഷങ്ങളെയാണ് ആകര്‍ഷിക്കുന്നത്. ഓരോ മാസവും വിശുദ്ധമായ ഒരു കര്‍മത്തില്‍ പങ്കാളിയാവുന്നതുപോലെ അവര്‍ തങ്ങളുടെ നായകന്റെ വാക്കുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. വലിയ മാറ്റങ്ങളാണ് ഇത് സമൂഹത്തില്‍ ഉണ്ടാക്കിയത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം 2014 ഒക്ടോബറില്‍ തുടക്കമിട്ട മന് കി ബാത്ത് സര്‍ക്കാരും ജനങ്ങളുമായി അതുവരെ നിലനിന്ന അകല്‍ച്ച ഒരു മാന്ത്രികവിദ്യയിലെന്നപോലെ ഇല്ലാതാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തുറകളിലുംപെട്ട മനുഷ്യരുമായി ഒരു രാജ്യത്തിന്റെ ഭരണാധിപന് ആത്മബന്ധം സ്ഥാപിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പറയാനുള്ളത് ജനങ്ങള്‍ കേള്‍ക്കുക മാത്രമല്ല, ജനങ്ങള്‍ക്ക് അവരുടെ ആശയങ്ങളും പ്രശ്നങ്ങളും ആഗ്രഹങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനും കഴിഞ്ഞു. ആയിരക്കണക്കിന് കത്തുകളും ലക്ഷക്കണക്കിന് സന്ദേശങ്ങളുമാണ് മന് കി ബാത്തിന്റെ ശ്രോതാക്കളില്‍നിന്ന് പ്രധാനമന്ത്രിക്ക് ലഭിച്ചുകൊണ്ടിരുന്നത്. രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എന്തൊക്കെയാണ് അവരുടെ ആവശ്യങ്ങള്‍, വികാരവിചാരങ്ങള്‍ എന്നതൊക്കെ ഇടനിലക്കാരില്ലാതെ അറിയാന്‍ കഴിഞ്ഞു. വിജയദശമി ഉത്സവ ദിവസം തുടക്കമിട്ട ഈ പരിപാടി പിന്നീട് ഓരോ മാസവും അവസാന ഞായറാഴ്ച ജനങ്ങള്‍ ഉത്സവമായി കൊണ്ടാടുകയായിരുന്നു. രാജ്യത്തെക്കുറിച്ച് അറിയാനും, രാജ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തെക്കുറിച്ച് അറിയാനും മന് കി ബാത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞതായി ഇതുസംബന്ധിച്ച സര്‍വെയില്‍നിന്ന് വ്യക്തമാവുകയുണ്ടായി. മന് കി ബാത്തിന്റെ ദിവസം കേള്‍ക്കാന്‍ കഴിയാത്തവര്‍ പിന്നീട് യുട്യൂബിലൂടെയും മറ്റും അത് കേട്ടുകൊണ്ടിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരുന്ന അനുഭവമാണ് ഇതു ജനങ്ങളിലുണ്ടാക്കിയത്.
ഒരു ഭരണാധികാരി ജനങ്ങളെ ഒന്നായി കാണുന്നതിന്റെ നേരനുഭവമാണ് മന് കി ബാത്ത് ഓരോ മാസവും പകര്‍ന്നു നല്‍കിയത്. വ്യക്തികളെന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും ജനത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും ഉല്‍ബുദ്ധരാക്കാനും കഴിഞ്ഞുവെന്നതു മാത്രമല്ല, പ്രചോദനം നല്കുന്ന നിരവധി ജീവിത മാതൃകകള്‍ അവതരിപ്പിക്കാനും പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞു. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിഞ്ഞു കൂടുന്നവര്‍ മുതല്‍ അത്യുന്നതങ്ങളില്‍ വിഹരിക്കുന്നവര്‍ വരെ മന് കി ബാത്തിലൂടെ നന്മയുടെ അദൃശ്യമായ ചരടില്‍ കോര്‍ത്തിണക്കപ്പെടുകയായിരുന്നു. സാംസ്കാരിക വൈവിധ്യങ്ങള്‍ കൊണ്ടും, സാമൂഹിക രീതികള്‍കൊണ്ടും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഒരൊറ്റ ഭൂപ്രദേശത്തെയും ജനവിഭാഗത്തെയും അവഗണിക്കാതെ ചേര്‍ത്തുനിര്‍ത്താന്‍ മന് കി ബാത്തിലൂടെ കഴിഞ്ഞു. ശുചിത്വം, പരിസ്ഥിതി, വിദ്യാഭ്യാസം, കൃഷി, സ്വയം തൊഴില്‍ സംരംഭങ്ങള്‍, വികസനം, സ്വാശ്രയത്വം, സാമ്പത്തിക സുരക്ഷിതത്വം, അഴിമതി നിര്‍മാര്‍ജനം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങള്‍, രാജ്യസ്നേഹം എന്നിവയെക്കുറിച്ചൊക്കെ സാമാന്യ ജനങ്ങളെ ബോധവല്‍ക്കരിക്കാനും, അവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിഞ്ഞ മന് കി ബാത്ത് ചടുലമായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയ സ്വച്ഛ ഭാരത് അഭിയാന് മാത്രം മതി ഇതിന് തെളിവായി. ഈ മാറ്റങ്ങളെ പിന്നോട്ടു വലിക്കാന്‍ ഇനി ഒരു ശക്തിക്കും കഴിയില്ല. സ്വാതന്ത്ര്യത്തിലേക്കും സ്വാഭിമാനത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയിലൂടെ ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന മഹത്തായ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: