അന്നം തേടിയെത്തിയ അമ്മയെ അന്നമൂട്ടി കുടിയിരുത്തിയ ഒരു ദേവസ്ഥാനമുണ്ട് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് വ്ലാങ്ങാമുറിയില്‍. ക്ഷിപ്രപ്രസാദിനിയായ വനദുര്‍ഗയും രൗദ്രമൂര്‍ത്തിയായി ഭദ്രകാളിയും വാണരുളുന്ന ഗുരുമന്ദിരം ദുര്‍ഗാദേവി ക്ഷേത്രം. സനാതന അദൈ്വത ആശ്രമം മഠാധിപതി ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയാണ് ദേവീപ്രതിഷ്ഠ നടത്തിയത്. വ്യത്യസ്ഥമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഗുരുമന്ദിരം പിന്തുടരുന്നത്. സ്വയംഭൂവായ ദേവിയാണ് ക്ഷേത്രത്തിന്റെ ചൈതന്യം.
ഐതിഹ്യം
ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആശ്രമത്തിലെ ധ്യാന മണ്ഡപത്തില്‍ ഒരു ചിതല്പുറ്റ് പ്രത്യക്ഷപ്പെട്ടു. അരയടി മാത്രം ഉയരത്തില്‍ പ്രത്യക്ഷപ്പെട്ട ചിതല്പുറ്റ് അന്തേവാസികളിലൊരാള്‍ മണ്ഡപം വൃത്തിയാക്കുന്നതിനിടെ ഇളക്കി കളഞ്ഞു. പിറ്റേന്ന് ഒരടി വലിപ്പത്തില്‍ അതേ സ്ഥാനത്ത് ചിതല്പുറ്റ് കാണപ്പെട്ടു. അതും ഇളക്കിക്കളഞ്ഞു. അന്ന് രാത്രിയില്‍ ആ അന്തേവാസിക്ക് ദുര്‍ഗാദേവിയുടെ സ്വപ്ന ദര്‍ശനമുണ്ടായി. അന്നം തേടിവന്ന എന്നെ ഓടിക്കല്ലേ മോളെ എന്നായിരുന്നു ദേവിയുടെ അപേക്ഷ. ധ്യാനമണ്ഡപത്തിന് കിഴക്കുഭാഗത്ത് ആലയമൊരുക്കി പ്രതിഷ്ഠിക്കണമെന്നും, അത് ഗുരുപരമ്പരയിലൂടെ മന്ത്രതന്ത്ര വിദ്യങ്ങള്‍ അഭ്യസിച്ച താപസിയുടെ തൃക്കരങ്ങളാലാവണമെന്നും അശരീരി ഉണ്ടായത്രെ. പിറ്റേന്ന് ധ്യാന മണ്ഡപത്തില്‍ ചിതല്
പുറ്റുണ്ടായില്ല. പകരം മണ്ഡപത്തിന് കിഴക്ക് ദിക്കില്‍ രണ്ടടിയിലേറെ ഉയരത്തില്‍ ചിതല്പുറ്റ് കാണപ്പെട്ടു. അവിടെയാണ് ഇന്ന് കാണുന്ന മൂലക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രതിഷ്ഠകള്‍
വനദുര്‍ഗയ്ക്ക് പുറമെ ഭദ്രകാളി, ശിവന്, അയ്യപ്പന്, ഗണപതി, മുരുകന്, നാഗരാജാവ്, നവഗ്രഹങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രതിഷ്ഠകള്‍ ഗുരുമന്ദിരത്തിലുണ്ട്.
അന്നമൂട്ട്
മീനമാസത്തിലെ അത്തം നാളിലാണ് ദേവിക്ക് അന്നമൂട്ട് എന്ന ചടങ്ങ് നടക്കുന്നത്. വിഭവസമൃദ്ധമായ സദ്യ ഓട്ടുരുളികളില്‍ ക്ഷേത്രനടയിലെത്തിച്ച് ദേവിയെ ഊട്ടുന്നു. ദേവിക്ക് അന്നമൂട്ട് കഴിഞ്ഞുള്ള സദ്യ ഭക്തര്‍ക്കും നാട്ടുകാര്‍ക്കും അന്നപ്രസാദമായി വിളമ്പും. നാടിന്റെ നാനാഭാഗത്തു നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത് വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരുടെ നേര്‍ച്ചയായാണ് അന്നമൂട്ട് നടക്കുന്നത്. വനദുര്‍ഗയ്ക്ക് ഒപ്പം ക്ഷേത്രത്തിലെ കാളിനടയിലും അന്നമൂട്ട് നടക്കുന്നു.
ആല്മരത്തില് ത്രിശൂല സമര്‍പ്പണം
ഇഷ്ടകാര്യസാധ്യത്തിന് ഭക്തര്‍ കാളീനടയിലെ വലിയ ആല്മരത്തില് ത്രിശൂലം കുത്തിവയ്ക്കുന്നതാണ് ചടങ്ങ്. ത്രിശൂലം കുത്തി അടുത്ത ഒരു വര്‍ഷത്തിനകം കാര്യസാധ്യം ഉണ്ടാകുമെന്നത് അനുഭവസ്ഥരുടെ സാക്ഷ്യം. കാര്യം സാധിച്ചാല്‍ തിരിച്ച് ആല്മരച്ചുവട്ടിലെത്തി ശൂലം ഊരല്‍ നടത്തണം. ചെണ്ടയില്‍ ഉഗ്രതാളം ഉയര്‍ന്നു കഴിഞ്ഞാല്‍ കാളീനടയിലെ മണികള്‍ മുഴങ്ങും.കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. പിന്നെ ഗുരു കല്പ്പിച്ചാല് ത്രിശൂല സമര്‍പ്പണം.
വിശേഷങ്ങള്‍, പൂജാക്രമങ്ങള്‍
ചൊവ്വ വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് നട തുറക്കുന്നത്. എല്ലാ മലയാള മാസവും അത്തം നാളില്‍ വിശേഷ പൂജയും അന്നദാനവും ഉണ്ടാകും. മണ്ഡലകാലം, വിഷു, ഗുരുപൂര്‍ണിമ, നവരാത്രി, മീനമാസത്തില്‍ പൂരം നാളില്‍ തുടങ്ങി അത്തം ദിനത്തില്‍ അവസാനിക്കുന്ന പ്രതിഷ്ഠാ വാര്‍ഷികം എന്നിങ്ങനെയാണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.
ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എത്തിയ ശേഷം അരുമാനൂര്‍ – പുവ്വാര്‍ റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വ്ലാങ്ങാമുറി ജംഗഷന്. അവിടെ നിന്ന് ഇടത്തേക്കുള്ള റോഡില്‍ 500 മീറ്റര്‍ പോയാല്‍ ഗുരുമന്ദിരം ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: