ബെംഗളൂരു:രാജ്യത്ത് കോണ്‍ഗ്രസിന്റെ വാറന്റി കാലഹരണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെര്‍ച്വല്‍ മോഡിലൂടെ 50 ലക്ഷം ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗ്യാരന്റിയുള്ള പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഗ്യാരന്റി നല്കാന് കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകള്‍ ഇപ്പോഴും ഗ്യാരന്റിയായി തുടരുന്നു. കോണ്‍ഗ്രസിന്റെ വാറന്റി തന്നെ കാലഹരണപ്പെട്ട അവസ്ഥയില്‍ അവര്‍ നല്കുന്ന ഉറപ്പുകളുടെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സൗജന്യങ്ങള്‍ വിതരണം ചെയ്തുകൊണ്ട് നിങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും ഭാവി തലമുറയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തെ അധികാരത്തിന്റെയും അഴിമതിയുടെയും ഉപാധികളാക്കി. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഭാവി, ഭാവി തലമുറ, യുവാക്കള്‍, സ്ത്രീകള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ല. സൗജന്യ രാഷ്ട്രീയം കാരണം പല സംസ്ഥാനങ്ങളും കക്ഷിരാഷ്ട്രീയത്തിന് വേണ്ടി വന്‍തോതില്‍ പണം ചിലവഴിക്കുന്നു. അത് ഭാവിതലമുറയുടെ പങ്ക് കാര്‍ന്നു തിന്നുന്നു. രാജ്യത്തെയും സര്‍ക്കാരുകളെയും സൗജന്യ രാഷ്ട്രീയത്തിലൂടെ നയിക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്തോടൊപ്പം ഭാവിയെക്കുറിച്ചും സര്‍ക്കാരുകള്‍ ചിന്തിക്കണം. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല.
ബിജെപി ഒരു കാര്യത്തിനും കുറുക്കുവഴികള്‍ സ്വീകരിക്കുന്നില്ല. വികസിത ഇന്ത്യക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപി സ്വന്തം ഭരണത്തെക്കുറിച്ചും ഇതോടൊപ്പം ചിന്തിക്കുന്നില്ല, മറിച്ച് രാജ്യത്തെക്കുറിച്ചാണ്. നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചല്ല. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം നടത്താനിരിക്കുന്ന പ്രധാനമന്ത്രി ആറ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും രണ്ട് റോഡ് ഷോകള്‍ നടത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: