ബെംഗളൂരു: കോണ്‍ഗ്രസിനേപ്പോലെ പ്രീണനത്തിലല്ല, ശാക്തീകരണത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബിജെപി തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിശ്വസിക്കുന്ന ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന് മാത്രമേ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. കോണ്‍ഗ്രസ് പിഎഫ്ഐയെ പ്രീണിപ്പിക്കുന്നു, മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നു. ഇത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. കോണ്‍ഗ്രസ് എപ്പോഴും പ്രീണന രാഷ്‌ട്രീയത്തിലാണ് ഏര്‍പ്പെടുന്നത്. 1947ല്‍ കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തിന് അംഗീകരിക്കാനാകില്ലെന്നും മറ്റൊരു വിഭജനത്തിന് ഞങ്ങള്‍ തയ്യാറല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ പിഎഫ്‌ഐയെ നിരോധിക്കുകയും ഇസ്ലാമിക സംഘടനയുടെ നട്ടെല്ല് തകര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് അവര്‍ ഭരണത്തില്‍ വന്നാല്‍ പിഎഫ്‌ഐ നിരോധനം പിന്‍വലിക്കുമെന്നാണ്. ഇതിലൂടെ കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2024 ജനുവരിയില്‍ അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഇത് ഒരു പ്രധാന ദിവസമായിരിക്കും. അവിടേക്ക് കര്‍ണാടകയിലെ ജനങ്ങളെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ പ്രതാപസിംഹ, സുമലത അംബരീഷ്, സംസ്ഥാന മന്ത്രിമാരായ ഡോ. കെ.സി. നാരായണ ഗൗഡ, ഡോ. സി.എന്‍. അശ്വഥ് നാരായണ്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മല്‍കുമാര്‍ സുരാന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തുന്നതിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെയെത്തിയിരുന്നു.
പ്രധാനമന്ത്രി ഇന്ന് 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കും
ബെംഗളൂരു: കര്‍ണാടകയിലെ 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 9.30ന് തത്സമയ വെര്‍ച്വല്‍ സംവാദം നടത്തും. സംസ്ഥാനത്തെ 58,112 ബൂത്തുകളിലും ജില്ലാ പഞ്ചായത്ത് തലത്തില്‍ 1,680 ബൂത്തുകളിലുമാണ് സംവാദം.
ബൂത്തുകളില്‍ ടിവിയും ജില്ലാ പഞ്ചായത്ത് തലത്തില്‍ എല്‍ഇഡി സ്‌ക്രീനും സ്ഥാപിക്കും. ഇത് കേള്‍ക്കുന്നതിന് 24 ലക്ഷം പ്രവര്‍ത്തകര്‍ ഇതിനകം മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ബൂത്ത് തലത്തില്‍ 58,000 ലൊക്കേഷനുകളില്‍ ഈ ആപ്പുകള്‍ വഴിയുള്ള ആശയവിനിമയം പ്രവര്‍ത്തകര്‍ വീക്ഷിക്കും. എല്‍ഇഡി സ്‌ക്രീനില്‍ ആയിരത്തോളം പ്രവര്‍ത്തകരും ബൂത്തുകളില്‍ 200 പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും 5,000 നമോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: