തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാപദ്ധതി ചോര്‍ന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നു സംശയം. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും വിശദീകരിച്ച് തയാറാക്കിയ 49 പേജ് റിപ്പോര്‍ട്ട് മഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ചോര്‍ന്നത് എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ക്‌ന്റോണ്‍മെന്റ് പോലീസ് സ്‌റ്റേനിലാണ് കേസ് രജിസ്ടര്‍ ചെയതത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്.
ഗുരുതര സുരക്ഷാവീഴ്ചയില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷാപദ്ധതി പുനഃക്രമീകരിച്ചു. ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി പോകുന്ന വഴികള്‍, വിശ്രമിക്കുന്ന സ്ഥലങ്ങള്‍, സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍, ഭക്ഷണം പരിശോധിക്കാന്‍ ചുമതലപ്പെട്ടവരുടെ വിവരങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നു.
പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്തിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയില്‍ ഉള്‍പ്പെട്ട എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. ടിവി ചാനല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയപ്പോഴാണ് ഇതു ചോര്‍ന്ന വിവരം ശ്രദ്ധയില്‍പെട്ടത്.
റിപ്പോര്‍ട്ട് ബിജെപി ഓഫീസില്‍ കിട്ടിയതെങ്ങനെ എന്ന് അന്വേഷിക്കണമെന്നായിരുന്നു സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്റെ ആവശ്യം.
















