കണ്ണൂര്‍ : ഇന്ത്യന്‍ സര്‍ക്കസ് ഇതിഹാസം ജെമിനി ശങ്കരന് അന്തരിച്ചു. 99 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.40ഓടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സര്‍ക്കസിന്റെ പേര് ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ജെമിനി ശങ്കരന് ജെമിനി, ജംബോ, ഗ്രെയ്റ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയായിരുന്നു.
1924ല്‍ തലശേരി കൊളശേരിയിലാണു മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന് എന്ന ജെമിനി ശങ്കരന്റെ ജനനം. പഠനത്തിനു ശേഷം സര്‍ക്കസ് പഠിച്ചു. എന്നാല്‍ സ്വന്തം ജീവിതം സര്‍ക്കസിലേക്കു പൂര്‍ണമായും അര്‍പ്പിക്കുന്നതിനു മുമ്പേ പല ജോലികളും ചെയ്തു. പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സര്‍ക്കസിന്റെ മോഹിപ്പിക്കുന്ന ലോകത്തെത്തുകയായിരുന്നു.
സര്‍ക്കസില്‍ തുടര്‍പരിശീലനം നേടിയ ശേഷം കല്‍ക്കത്ത ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി. ട്രപ്പീസിന്റെ വിവിധ മേഖലകളില്‍ വിദഗ്ധനായിരുന്നു. 1951ലാണു വിജയ സര്‍ക്കസ് കമ്പനി വാങ്ങുന്നത്. ജെമിനി എന്നു പുനര്‍നാമകരണം ചെയ്തു കൊണ്ടു ജൈത്രയാത്ര ആരംഭിച്ചു. പിന്നീട് ജംബോ സര്‍ക്കസ് കമ്പനിയും, ഗ്രെയ്റ്റ് റോയല്‍ സര്‍ക്കസ് കമ്പനിയും വാങ്ങി.
സര്‍ക്കസിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ ജെമിനി ശങ്കരന് എത്തിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചു. പരേതയായ ശോഭനയാണ് ഭാര്യ. മക്കള്‍ അജയ് ശങ്കര്‍, അശോക് ശങ്കര്‍, രേണു ശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: