മോഗ : ഖാലിസ്ഥാന്‍ നേതാവും പഞ്ചാബ് ദേ വാരിസ് എന്ന സംഘടനയുടെ അമൃത്പാല്‍ സിങ് പോലീസിന് മുന്നില്‍ കീഴടങ്ങിയത് പിടിയിലാകുമെന്ന് ഉറപ്പായതോടെയെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയില്‍ സിഖ് സംഗത്തിന് (പ്രഭാഷണം) ശേഷമാണ് അമൃത്പാല്‍ സിങ് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കീഴടങ്ങുന്ന വിവരം ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അമൃത്പാല്‍ സിങ് ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരുദ്വാര പോലീസ് വളഞ്ഞുവെന്ന് മനസ്സിലായതോടെ ഇയാള്‍ കീഴടങ്ങുകയാണെന്ന് ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നുയവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുദ്വാരയുടെ പവിത്രത കണക്കിലെടുത്ത് പോലീസ് അവിടേക്ക് കയറിയിരുന്നില്ലെന്നും പഞ്ചാബ് പോലീസിലെ ഐജിയായ സുഘ്ചൈന്‍ സിങ് പറഞ്ഞു. ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മസ്ഥലമാണ് മോഗ. ശനിയാഴ്ച വൈകിട്ടോടെയാണ് അമൃത്പാല്‍ സിങ് മോഗയിലേക്ക് എത്തിയത്. അമൃത്പാലിനെ അദ്ദേഹത്തിന്റെ അനുയായികള്‍ ഭിന്ദ്രന്‍വാല രണ്ടാമന് എന്നാണ് വിശേഷിപ്പിക്കുന്നത്. അമൃത്പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചാബ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അമൃത്പാലിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റും. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഇവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. വേഷം മാറിയും വാഹനം മാറ്റിയും പോലീസിനെ വെട്ടിച്ച് പലയിടത്തായി താമസിച്ചു. രണ്ട് തവണ വിഡിയോ സന്ദേശത്തിലൂടെ ഖലിസ്ഥാന്‍ അനുയായികളെ അഭിസംബോധന ചെയ്യുകയും സിഖ് വിശ്വാസികളുടെ യോഗം ചേരാന്‍ ഉന്നത സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന് ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: