ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനാവാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവി അങ്കിത ദത്തയുടെ പരാതി വിവാദത്തിലേക്ക്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിട്ട് ആറ് മാസമായിട്ടും നടപടിയില്ലെന്നതും ഇതേക്കുറിച്ച് അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്.
കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് എത്ര പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണിതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വന്നതോടെ അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചതെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
പല തവണ ശ്രീനിവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും അങ്കിത ദത്ത പറയുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും അടുത്ത ആളാണ് ബി.വി. ശ്രീനിവാസ്. യൂത്ത് കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അങ്കിത ദത്ത ആരോപിക്കുന്നു.
“ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അസമിലേക്ക് വന്ന് എന്നെ അഭിസംബോധന ചെയ്തത് ‘പെണ്ണേ’ എന്നാണ് അല്ലാതെ അങ്കിത എന്നോ ദത്ത എന്നോ അല്ല വിളിച്ചത്. മറ്റൊരിയ്‌ക്കല്‍ ഛത്തീസ് ഗഡിലെ ഒരു ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നോട് ചോദിച്ചത് ‘വോഡ്കയോ ടെക്വിലയോ സേവിക്കുമോ’ എന്നായിരുന്നു.” – അങ്കിത ദത്ത പറയുന്നു.
“ആരോപണങ്ങള്‍ നിഷേധിച്ച ശ്രീനിവാസ് അങ്കിത ദത്തയ്‌ക്കെതിരെ ക്രിമിനല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എങ്ങിനെയാണ് ലൈംഗികദാരിദ്ര്യമുള്ള, പുരുഷമേധാവിയായ ഒരാള്‍ യൂത്ത് കോണ്‍ഗ്രസിനെ നയിക്കുക എവിടെപ്പോയി പ്രിയങ്ക ഗാന്ധിയുടെ ‘ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാവും’ എന്ന മുദ്രാവാക്യം?”- അങ്കിത ദത്ത ട്വീറ്റിലൂടെ ചോദിക്കുന്നു.
രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം തകര്‍ന്നു: അങ്കിത ദത്ത
ഭാരത് ജോഡോ യാത്രയില്‍ ജമ്മു കശ്മീരിലേക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയിരുന്നു. ശ്രീനിവാസ് “മോശം ഭാഷ ഉപയോഗിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. ഏപ്രില്‍ ആയിട്ടും ഒരു നടപടിയും ഇല്ല. “- അങ്കിത ദത്ത ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: