ന്യൂദല്‍ഹി : കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി ഉടന്‍ ഇന്ത്യയിലെത്തുന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്ശിക്കുമെന്ന്് റിപ്പോര്‍ട്ട് .മോദിയുമായുള്ള കൂടിക്കാഴ്ച മറ്റന്നാള്‍ ദല്‍ഹിയില്‍ നടക്കുമെന്നാണ് സൂചന.
ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും കുക്ക് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സര്‍ക്കാരോ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ചൈനയ്ക്ക് പുറത്ത് ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നാണ് വാര്‍ത്ത. ആപ്പിളിന്റെ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ്, പെഗാട്രോണ്‍ കോര്പ്പറേഷന് എന്നിവയെ ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി മോദിയുമായി കുക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതായി ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറക്കും. മുംബൈയിലെ ആപ്പിള്‍ ബികെസി സ്റ്റോര്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് വ്യാഴാഴ്ച ഡല്‍ഹിയിലെ പ്രീമിയര്‍ സാകേത് മാളില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: