തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസ് കേരള വികസനത്തിന്റെ വേഗത കൂട്ടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നത് എങ്ങിനെ രാഷ്ട്രീയ ലക്ഷ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട ഇടത് നേതാക്കളുടെ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പ്രതികരിച്ചു. വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ഇല്ല എന്ന തരത്തില്‍ നടന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. കാളപെറ്റു എന്ന് കേട്ട ഉടനെ കയറെടുത്തോടിയ മാധ്യമപ്രവര്‍ത്തകരുടെ വാക്ക് കേട്ടാണ് മുഖ്യമന്ത്രി വന്ദേഭാരത് ട്രെയിന്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പാര്‍ലമെന്റിലെ ചോദ്യത്തിന് നല്കിയ മറുപടി മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ് വാസ്തവത്തില്‍ ഉണ്ടായത്. അത് പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന സ്ഥിതിയിലേക്ക് മുഖ്യമന്ത്രിയേയും നയിച്ചു. പ്രധാനമന്ത്രി കേരളത്തിനുവേണ്ടി നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ഇല്ല എന്ന തരത്തില്‍ നടന്ന പ്രചാരണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന് പ്രതികരിച്ചു. വന്ദേ ഭാരതത്തിന്റെ ട്രയല്‍ റണ്ണിന്റെ ദിവസം നിശ്ചയിക്കുകയും പ്രധാനമന്ത്രി ഈ മാസം 25ന് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് അറിയിപ്പുകള് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി അബ്ദുറഹ്മാന്റെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: