ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാറായി ബിജെപി. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 212 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളായി. ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. അത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. 189 മണ്ഡലങ്ങളില്‍ ഒന്നാം ഘട്ടത്തിലും 23 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടത്തിലുമായാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിലും ജെഡിഎസിലും മത്സരിക്കാന്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇതിനാല്‍ തന്നെ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ധാരണയിലെത്താനാണ് ഇരു പാര്‍ട്ടികളുടേയും ശ്രമം. ഇക്കാര്യത്തില്‍ പ്രധാന നേതാക്കള്‍ ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് 165 സ്ഥാനാര്‍ഥികളേയും ജെഡിഎസ് 93 സ്ഥാനാര്ഥികളേയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിജയ സാധ്യതയുണ്ടെന്ന് ഇരുപാര്‍ട്ടികളും വിശ്വസിക്കുന്ന മണ്ഡലങ്ങളില്‍ ആദ്യമേ തന്നെ പ്രധാന നേതാക്കള്‍ തങ്ങളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ബാക്കിയുള്ള നിരവധി മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇരു പാര്‍ട്ടികള്‍ക്കും. ഇതിനാല്‍ തന്നെ മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പണവും മറ്റ് പല മോഹന വാഗ്ദാനവും നല്കി ചാക്കിലാക്കാനും ഇരുപാര്‍ട്ടികള്‍ ശ്രമിക്കുന്നു.
കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളിലെ നേതൃത്വം ആവശ്യപ്പെടുന്ന മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നറിയാവുന്നതിനാല് പല നേതാക്കന്മാരും അവര്‍ക്കിഷ്ടപ്പെട്ട മണ്ഡലങ്ങള്‍ നേരിട്ട് ചോദിച്ചും പാര്ട്ടിമാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയുമാണ് വാങ്ങുന്നത്. കോണ്‍ഗ്രസിലുള്ള സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മണ്ഡലം ലഭിക്കാത്തപ്പോള്‍ ജെഡിഎസില്‍ ചേര്‍ന്ന് ഇഷ്ടപ്പെട്ട മണ്ഡലം ചോദിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് പോലെതന്നെയാണ് ജെഡിഎസില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നവരും ചെയ്യുന്നത്.
ഇരു പാര്‍ട്ടികളിലേയും നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് പല മണ്ഡലങ്ങളിലും മത്സരിക്കുന്നത്. അതിനാല്‍ തന്നെ സീറ്റിന്റെ പേരില്‍ ഒരു പാര്ട്ടിയിലേത്തന്നെ നേതാക്കള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയാണ് നിലവില്‍. നേതൃത്വം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹിക്കാന്‍ ശ്രമിക്കുമ്പോള്‍ അണികളെ ഇളക്കിവിട്ട് പ്രശ്നം രൂക്ഷമാക്കാണ് നേതാക്കള്‍ ശ്രമിക്കുന്നത്.
ഇതോടൊപ്പം പല മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പരം വോട്ടുകള്‍ മറിക്കുവാനും നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വരുണയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ ജെഡിഎസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയായ അഭിഷേക് മനേഗര്‍ പിന്മാറിയതും ഇതിന്റെ ഭാഗമായാണ്. കഴിഞ്ഞ ഡിസംബറില്‍ ജെഡിഎസ് പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയിലാണ് അഭിഷേകിനെ വരുണയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രചാരണ പരിപാടികളില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പലരും സഹകരിക്കാത്തതിനേത്തുടര്ന്ന് താന്‍ പാര്‍ട്ടിക്ക്വേണ്ടി ചാവേറാവാനില്ലെന്നും പറഞ്ഞ് അഭിഷേക് മനേഗര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവിടെ പുതിയ സ്ഥാനാര്‍ഥിയെ നിയോഗിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: