മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിൽ ഒന്ന് മുതൽ പതിനൊന്ന് വരെയും പതിനെട്ടാം പ്രതിയും കുറ്റക്കാരെന്ന് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന് വിധിക്കും. വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി വൈഎസ്പിയുടെ നേതൃത്വത്തില്‍ 50 പോലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല. 2012 ജൂണ്‍ 10ന് ആണ് കുനിയില്‍ അങ്ങാടിയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ് (37), സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ (48) എന്നിവരെ കൊലപ്പെടുത്തിയത്. 2012 ജനുവരി 5നു കുറുവങ്ങാടന്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ആസൂത്രണം ചെയ്തു ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്.
ദൃക്‌സാക്ഷികളുൾപ്പെടെ 364 സാക്ഷികളാണുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന സ്ഥലം വീഡിയോ വഴി പ്രദർശിപ്പിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ ഉൾപ്പെടെ 100 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി. മൊബൈൽ ഫോൺ രേഖകൾ, ശബ്ദപരിശോധനാഫലമുൾപ്പെടെ ശാസ്ത്രീയമായി തയ്യാറാക്കിയ 3000 രേഖകൾ, ഫോറൻസിക് രേഖകൾ എന്നിവയും തെളിവായി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: