തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ സിസിടിവി മാറ്റി സ്ഥാപിച്ചുവെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് സിസിടിവി മാറ്റിയിരിക്കുന്നത്. 2016 മുതല്‍ 2020 വരെ ക്ലിഫ് ഹൗസില്‍ പലതവണ പോയിട്ടുണ്ടെന്നാണു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം. സിസിടിവി മാറ്റിയത് 2021 മേയ് മാസത്തിലും. ധൈര്യമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സ്വപ്‌ന വെല്ലുവിളിച്ചിരുന്നു.
2021 മെയ് മുതല്‍ 2022 ഒക്‌ടോബര്‍ 28 വരെ 12,93,957 ചെലവിലാണ് സിസിടിവി മാറ്റി സ്ഥാപിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്‌സ് പ്രവൃത്തികളെന്തൊക്കെ എന്ന ചോദ്യത്തിന് വിവരാവകാശ നിയമ പ്രകാരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് റൂറല്‍ സബ് ഡിവിഷനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ മറുപടിയിലാണ് സിസിടിവി സംവിധാനം മുഴുവന്‍ മാറ്റി സ്ഥാപിച്ചെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ക്ലിഫ് ഹൗസ് കൂടാതെ മൂന്ന് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ക്ലിഫ്ഹൗസില്‍ സിസിടിവി സ്ഥാപിച്ച് കമ്മിഷന്‍ ചെയ്ത വകയില്‍ 12,93,957 രൂപയും ഇപിഎബിഎക്‌സ് സിസ്റ്റം (ടെലിഫോണ്‍ സംവിധാനം)ത്തിന് 2.13 ലക്ഷവും ലാന്‍ ആക്‌സസ് പോയിന്റ് സ്ഥാപിച്ചതിന് 13,502 രൂപയും ചെലവായി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗര്‍ണമി, പ്രശാന്തി എന്നിവിടങ്ങളില്‍ സിസിടിവികളും കവടിയാര്‍ ഹൗസില്‍ ടെലഫോണ്‍ സംവിധാനത്തിന്റെ തകരാറും പരിഹരിച്ചിട്ടുണ്ട്.
സ്വപ്നയുടെയും അറ്റാഷയുടെയും ക്ലിഫ്ഹൗസ് സന്ദര്‍ശനങ്ങള്‍, ബിരിയാണി ചെമ്പില്‍ ക്ലിഫ്ഹൗസിലേക്ക് സ്വര്‍ണം എത്തിച്ചെന്ന സ്വപ്നയുടെ ആരോപണം തുടങ്ങി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിന്റെ പേര് നിരവധി തവണ ഉയര്‍ന്നിരുന്നു. അന്നൊക്കെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല. സിസിടിവി മാറ്റിസ്ഥാപിച്ചെന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: