തൃശൂര്‍: മോദി – ബിജെപി വിരോധം എന്നൊരു ഇന്ധനമാണ് കേരളത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഇത്രനാള്‍ ഓടിച്ചതെന്നും അത് നഷ്ടപ്പെടുമെന്ന വേവലാതിയാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ തെളിയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
കേരളത്തിലെ സഭാ നേതൃത്വം ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയാറായിട്ടുണ്ട്. അത് അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ക്രിസ്തുമത ആരാധനാലയങ്ങളിലേക്കും വിശ്വാസികള്‍ക്കിടയിലേക്കും ബിജെപി പോകുമ്പോള്‍ ഇരുമുന്നണി നേതാക്കള്‍ക്കും എന്തിനാണിത്ര വെപ്രാളം. തങ്ങള്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ സഭാനേതൃത്വവും വിശ്വാസികളും തള്ളിക്കളയുന്നുവെന്നും തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുന്നുവെന്നുമുള്ള പരിഭ്രാന്തിയാണ് സിപിഎം, കോണ്‍ഗ്രസ് പ്രസ്താവനകളില്‍ നിഴലിക്കുന്നത്.
മോദി – ബിജെപി വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും കേരളത്തിലെ മതവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന മൗഢ്യത്തില്‍ നിന്ന് ഇരുനേതൃത്വവും പിന്തിരിയുന്നതു നല്ലതാണ്. വിശ്വാസികള്‍ക്കും സഭാ നേതൃത്വത്തിനും ഇല്ലാത്ത പരിഭ്രാന്തിയും ആശങ്കയും വി.ഡി. സതീശനും ഗോവിന്ദന് മാഷിനും ആവശ്യമില്ലെന്നും രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വീടുകളിലേക്കു മാത്രമല്ല, മുസ്ലീം മതവിശ്വാസികളുടെ വീടുകളിലേക്കും പോകാന്‍ ബിജെപി തയാറാണ്. ഞങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്ന എല്ലാ മതവിശ്വാസികളുടെ വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും ഞങ്ങള്‍ പോകും.
റിയാസും കൂട്ടരും ഇപ്പോഴും വിവാദങ്ങളുമായി ഇരുന്നോട്ടെ. ഞങ്ങള്‍ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്നങ്ങളുമായാണ് സംവദിക്കുന്നത്. അതേക്കുറിച്ചു ചോദിക്കാനാണ് കുടുംബങ്ങള്‍ക്കും താല്പര്യം. ക്രിസ്ത്യാനികളുടെ മൊത്തം കുത്തകയും റിയാസ് ഏറ്റെടുക്കണ്ട. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ എ. എസ്. വിപിന്‍കുമാര്‍, രഘുനാഥ് സി. മേനോന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: