മനോജ് പൊന്‍കുന്നം
9447506830
പ്രസാദം എന്ന സിനിമയിലെ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ എന്ന എന്ന ഗാനം കേട്ടുകൊണ്ടാണ് മോഹനന്‍ ചേട്ടന്റെ ചായക്കടയിലേക്ക് കയറുന്നത്. അത്ഭുതപ്പെടുത്തിയത് മേശപ്പുറത്തിരിക്കുന്ന ടേപ്പ് റെക്കോര്‍ഡറും പലഹാരപ്പെട്ടിയില്‍ അടുക്കിവെച്ചിരിക്കുന്ന ഓഡിയോ കാസറ്റുകളുമാണ്. അതില്‍നിന്നുമാണ് ഗാനം ഒഴുകിയെത്തുന്നത്. മോഹനന്‍ ചേട്ടനെ ആദ്യമായി കാണുകയാണ്. ഫെയ്‌സ്ബുക്കില്‍ കുറിക്കുന്ന ചില നിലപാടുകളോട് തോന്നിയ ഇഷ്ട്ടമാണ് അദ്ദേഹത്തെ എന്നിലേക്ക് അടുപ്പിച്ചത്.
അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ‘ജന്മഭൂമി’യുടെ പ്രചാരണത്തില്‍ പങ്കാളിയായിക്കൊണ്ട് അതേ ഫെയ്‌സ്ബുക്കില്‍ മുഖചിത്രം മാറ്റിയതിനടിയില്‍ വന്ന അദ്ദേഹത്തിന്റെ ഒരു കമന്റാണ് എന്നേ ഇങ്ങോട്ട് നയിച്ചതും. ‘ജന്മഭൂമി ദിനപ്പത്രത്തിന്റെ ആദ്യപതിപ്പ് എന്റെ കൈയിലുണ്ട്, ഞാന്‍ അതിന്റെ ആദ്യത്തെ ഏജന്റുമാരില്‍ ഒരാളാണ്.’
വലിയ കൗതുകവും ഒപ്പം ആശ്ചര്യവും ജനിപ്പിച്ച കമന്റ് ആയിരുന്നു അത്. കാലത്തെ വിളിച്ചുപറഞ്ഞിരുന്നതുകൊണ്ട് എന്നെ കണ്ടപാടെ അദ്ദേഹം പ്ലാസ്റ്റിക് കവറില്‍ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ പത്രം എടുത്തുനീട്ടി. കൗതുകത്തോടെ ഞാനത് മറിച്ചുനോക്കി.
‘ഞങ്ങളെപ്പറ്റി ഒരുവാക്ക്’ എന്ന മുഖപ്രസംഗം ആദ്യ പേജില്‍ തന്നെയുണ്ട്, ‘സമ്പൂര്‍ണ്ണ വിപ്ലവം എന്ത് എന്തിന്?’ ജന്മഭൂമിയുടെ മുഖ്യപത്രാധിപര്‍ എം. പി. മന്മഥന്‍ സാറിന്റെ ലേഖനമുണ്ട്. ഓ. രാജഗോപാല്‍ എഴുതിയ രാഷ്‌ട്രീയ പ്രബുദ്ധതയും കേരളത്തിലെ പത്രങ്ങളും, സ്വദശാഭിമാനി-പത്രസ്വാതന്ത്യത്തിന്റെ രക്തസാക്ഷി, ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയ ലേഖനങ്ങളുണ്ട്.
കടയില്‍ ചെറിയ തിരക്കുണ്ട്. മോഹനന്‍ ചേട്ടന്‍ തനിച്ചു കൈകാര്യം ചെയ്യുന്നുണ്ട് എല്ലാം. കാലത്തെ കാപ്പിക്ക് എന്നും ഒരയിറ്റം ആണുണ്ടാവുക. ഇന്ന് ഇഡ്ഡലിയാണെങ്കില്‍ നാളെ ദോശ… അങ്ങനെപോകും. വൈകിട്ട് മൂന്നാല് കൂട്ടം പലഹാരം കാണും. ആ ഇടുങ്ങിയ ചായക്കടയില്‍ എല്‍.കെ. അദ്വാനിയുടെ ഒരു വലിയ പൂര്‍ണ്ണകായ ചിത്രം അദ്ദേഹം തൂക്കിയിട്ടിട്ടുണ്ട്. ചായക്കട കൈകാര്യം ചെയ്യുന്നതിനിടയിലും അദ്ദേഹം എന്നോട് കുശലം പറയുന്നുണ്ടായിരുന്നു.
തിരക്കൊഴിഞ്ഞപ്പോള്‍ മോഹനന്‍ ചേട്ടന്‍ റോഡിന്റെ എതിര്‍വശത്തുള്ള വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഒരു പ്രത്യേക വാസ്തുശില്‍പ്പരീതിയില്‍ തീര്‍ത്ത ഭവനം മനോഹരമാണ്. മുറ്റത്തു ധാരാളം ചെടികളൊക്കെ വളര്‍ത്തി മനോഹരമാക്കിയിരിക്കുന്നു. ഭാര്യ സുജാദേവി. ”ഇവളെ ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ചതാണ്. വീട്ടുകാരുടെ സമ്മതമില്ലായിരുന്നു” എന്ന് പറയുമ്പോള്‍ ആ ശബ്ദം കൂടുതല്‍ ദൃഢമായിരുന്നു. ഭാര്യയെയും ഇളയ മകനെയും പരിചയപ്പെടുത്തിയപ്പോഴേക്കും കടയില്‍ വീണ്ടും തിരക്ക്. അദ്ദേഹത്തോടൊപ്പം ഞാനും കടയിലേക്ക് നടന്നു. വന്ന സമയം ശരിയായില്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല, വിളിക്കാം എന്നുപറഞ്ഞിറങ്ങി. എനിക്കദ്ദേഹത്തോട് പലതും ചോദിച്ചറിയുവാനുണ്ടായിരുന്നു. അദ്ദേഹത്തിന് എന്നോടും ചിലതു ചോദിക്കുവാനും പറയുവാനുമുണ്ടായിരുന്നു.
ഇത് മനോജ് സൂക്ഷിച്ചോ എന്നു പറഞ്ഞ് ആ പത്രം അദ്ദേഹം എന്റെ നേരെ നീട്ടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ തരിച്ചുപോയി. വാങ്ങണമോ വേണ്ടയോ എന്ന ശങ്കയ്‌ക്കൊടുവില്‍ അത് വാങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ ഒപ്പം ഞാന്‍ മനസ്സില്‍ കുറിച്ചു: ഒരിക്കലും ഇതിന്റെ അവകാശി ഞാനാവില്ല, മാറ്റാരുമാവില്ല, മോഹനന്‍ ചേട്ടന്‍ മാത്രമായിരിക്കും. ഒരു സന്ദര്‍ഭത്തില്‍ ഞാനത് അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കും.
വൈകിട്ട് വിളിക്കുമ്പോള്‍ നാളത്തേക്കുള്ള അരിയരയ്‌ക്കുവാനിട്ട് കാത്തിരിക്കുകയാണ് മോഹനന്‍ ചേട്ടന്‍. ഞാനദ്ദേഹത്തിന്റെ ചരിത്രം ചികഞ്ഞു. ഒരു സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതകഥ അദ്ദേഹം എനിക്കുമുന്നില്‍ അനാവരണം ചെയ്തു.
ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനനം. അതൊരു സംഘ കുടുംബമായിരുന്നു. ദാരിദ്ര്യം മൂലം വലിയ വിദ്യാഭ്യാസം ഒന്നും നേടുവാന്‍ കഴിഞ്ഞിരുന്നില്ല. ചെറുപ്പം മുതല്‍ സംഘ ശാഖകളില്‍ സജീവമായിരുന്നു.
1975 ജൂണ്‍ 26- ന് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ മോഹനന്‍ ചേട്ടന് വയസ്സ് പതിനെട്ടു തികഞ്ഞിട്ടില്ല. ഒരു ആര്‍എസ്എസ് സ്വയംസേവകന്‍ ആയതുകൊണ്ട് മാത്രം അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍തന്നെ അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടിവന്നു. ഒളിജീവിതത്തിനിടയില്‍ ഒന്നിച്ചുകൂടിയ ഒരുസംഘം സ്വയംസേവകര്‍ക്കൊപ്പം അഞ്ചുതിരിയിട്ട നിലവിളക്കിന് മുന്‍പില്‍ മോഹനന്‍ ചേട്ടനും പ്രതിജ്ഞയെടുത്തു; ഭാരതമാതാവിനുവേണ്ടി വേണമെങ്കില്‍ ജീവന്‍ ത്യജിക്കുവാനും തയ്യാര്‍.
1975 നവംബര്‍ 14, കോട്ടയം ഗാന്ധി സ്‌ക്വയറില്‍ ശിശുദിന റാലി നടക്കുമ്പോള്‍ ഒരുസംഘം ചെറുപ്പക്കാര്‍ രാജ്യത്തെ കരിനിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തി. കോട്ടയത്ത് അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ആദ്യ പ്രതിഷേധം. മറ്റ് പതിമൂന്ന് പേര്‍ക്കൊപ്പം മോഹനന്‍ ചേട്ടനും അറസ്റ്റ് ചെയ്യപ്പെട്ടു. ഒരുമാസക്കാലം ജയില്‍ വാസം.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ നേതൃത്വത്തില്‍ ജന്മഭൂമി ദിനപ്പത്രം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. തങ്ങളുടെ നാട്ടിലും ജന്മഭൂമി വരണം എന്ന് ആനിക്കാടുള്ള യുവ സ്വയംസേവകര്‍ തീരുമാനിച്ചു. മോഹനന്‍ ചേട്ടന്‍ അതിന്റെ ഏജന്‍സി എടുക്കുവാന്‍ തയ്യാറായി മുന്‍പോട്ടു വന്നു. എറണാകുളം എളമക്കരയിലുള്ള ഓഫീസില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഏജന്‍സി എടുക്കുന്നത്. അന്ന് പത്രത്തിന്റെ വില ഇരുപത്തി അഞ്ചു പൈസ. തുടക്കത്തില്‍ പതിനഞ്ചു ജന്മഭൂമി അദ്ദേഹം എടുത്തിരുന്നു. പിന്നീട് ‘മാതൃഭൂമി’യുടെയും മറ്റ് പത്രങ്ങളുടെയുമൊക്കെ ഏജന്‍സി ഉണ്ടായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവയെല്ലാം അവസാനിപ്പിക്കുവാന്‍ കാരണമായി.
പിന്നീട് ജീവിതവൃത്തിക്കായി അദ്ദേഹം ചെയ്യാത്ത പണികളില്ല. കൂലിപ്പണിക്കാരനായി മലമ്പ്രദേശങ്ങളില്‍ പോയി താമസിച്ചിട്ടുണ്ട്. ഒടുവിലാണ് നാട്ടില്‍ ചെറിയൊരു കട ആരംഭിക്കുന്നത്. അതില്‍നിന്നും ലാഭം നേടുവാന്‍ കഴിയാതെ വന്നപ്പോള്‍ സൈഡായി മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ഇഷ്ടപ്പെട്ട പെണ്ണിനെ കൂടെ കൂട്ടുവാന്‍ വീട്ടുകാരുടെ അനുവാദത്തിനു കാത്തുനിന്നില്ല. സുഹൃത്തുക്കളായ സ്വയംസേവകര്‍ ഒപ്പം നിന്ന് അദ്ദേഹത്തിന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. സ്വയംസേവകന് ജാതിയില്ല എന്ന് തന്റെ ജീവിതത്തില്‍ക്കൂടി അദ്ദേഹം തെളിയിച്ചു. കുടുംബസ്ഥന്‍ എന്ന ഉത്തരവാദിത്തം കൂടുതല്‍ അധ്വാനിക്കുവാന്‍ പ്രാപ്തനാക്കി. മൂന്നുമക്കളാണ് അദ്ദേഹത്തിനുള്ളത്. ഒരു പെണ്ണും രണ്ടാണും.
പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുകയാണ് മോഹനന്‍. സ്‌കൂളിന്റെ ഉദ്ഘാടനത്തിന് തൃശൂരുപോയി കുഞ്ഞുണ്ണി മാഷിനെ ക്ഷണിക്കുവാനുള്ള ദൗത്യത്തില്‍ മോഹനന്‍ ചേട്ടനും പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ മൂന്നുമക്കളും ആ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. 2015 ല്‍ സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്‍.കെ. അദ്വാനി എത്തിയപ്പോള്‍ അടിച്ച ഫ്‌ളെക്‌സാണ് തന്റെ ഭിത്തിയില്‍ ഇപ്പോഴും ആദരവോടെ തൂക്കിയിരിക്കുന്നത്.
മൂത്തമകന്‍ അഖില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയ്‌ക്കും ഐടി ഫീല്‍ഡില്‍ ജോലിയുണ്ട്. മകള്‍ ആതിരയെ വിവാഹം കഴിച്ചയച്ചു. ഇളയ ആള്‍ അക്ഷയ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ഇന്ന് മോഹനന്‍ ചേട്ടന്‍ സന്തുഷ്ടനാണ്. പ്രാരാബ്ദങ്ങള്‍ എല്ലാം ഏതാണ്ട് ഇറക്കിവച്ച അവസ്ഥയിലാണ്. എങ്കിലും അദ്വാനിജിയെ ആറു മാസമെങ്കിലും പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയി കാണാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. കേരളത്തിലെ താമരക്കാലവും തനിക്ക് കാണാന്‍ കഴിയണമെന്ന ആഗ്രഹവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: