തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫയര്‍ ലൈന്‍ തെളിക്കലിന്റെ മറവില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ്. വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു. ബിനാമികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതായും നിര്‍ദേശ പ്രകാരമുള്ള ജോലികള്‍ നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ക്ക് വെറും 7000 രൂപയില്‍ താഴെമാത്രം കിട്ടുമ്പോള്‍ ഇതിന് കരാര്‍ നല്‍കുന്നത് 40,000 രൂപയ്ക്കാണ്.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പുതുവല്‍ അനൂപ് പി.എസ്. ആണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തത്. പിന്നാലെ, തങ്ങളെ ഉപദ്രവിക്കരുതെന്ന് കാട്ടി ഉദ്യോഗസ്ഥരും കരാറുകാരനും തന്നെ സമീപിച്ചതായും അനൂപ് പറയുന്നു. വെസ്റ്റ് ഡിവിഷനിലെ നാലാം മൈല്‍ മുതല്‍ ഉപ്പുപാറ താവളം വരെ റോഡിന്റെ ഇരുവശത്തുമായി അഴുത, പമ്പ റേഞ്ചുകളിലായി 20 കിലോമീറ്റര്‍ ഭാഗത്താണ് ഫയര്‍ ലൈന്‍ തെളിച്ചത്. കിലോ മീറ്ററിന് 40,000 രൂപയ്ക്കാണ് ജോലി നല്‍കുന്നത്. കരാറെടുത്തിരിക്കുന്നത് മൂങ്കലാര്‍ കരോട്ട് കൊച്ചുപറമ്പില്‍ ടി. സുനിലാണ്.
എന്നാല്‍ വീണ്ടും ഉപകരാര്‍ നല്‍കും. ഇത് നിയമലംഘനമാണ്. ഉപകരാര്‍ എടുക്കുന്നവരില്‍ പലരും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരാണ്. ഇതും നിയമലംഘനമാണ്. ഒരു കിലോമീറ്റര്‍ ഫയര്‍ ലൈന്‍ തെളിക്കുന്നവര്‍ക്ക് പരമാവധി ലഭിക്കുക 7000 മുതല്‍ 10,000 രൂപ വരെ. ഇതില്‍ ഉപകരാറുകാരന്റെ ലാഭവും ഉള്‍പ്പെടും.
5.2 മീറ്റര്‍ വീതിയില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗം വൃത്തിയാക്കി തൂമ്പകൊണ്ട് ഇരുവശവും 6 അടിയില്‍ ചെത്തി തെളിച്ച് ഇത് മധ്യഭാഗത്ത് കൂട്ടി തീയിട്ട് കത്തിച്ച് കളയുകയാണ് ചെയ്യേണ്ടത്. ഇതിന് മെഷീന് ഉപയോഗിക്കരുത്. തൂമ്പപോലുള്ളവ മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കെ പുല്ലുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് ജോലി. ഒരു ദിവസം ഒരു സംഘം മൂന്ന് മുതല്‍ 6 കി.മീ. വരെയുള്ള ഭാഗം തീര്‍ക്കും. പിന്നീടെത്തി ഇവ കത്തിച്ചും കളയും, അതോടെ ജോലി തീരും.
അവശേഷിക്കുന്ന 33,000 രൂപയില്‍ കരാറെടുത്ത ആള്‍ക്ക് 10,000 രൂപ വരെ ലഭിക്കും. ബാക്കി പണം എവിടെ പോകുന്നുവെന്നതിന് മറുപടിയില്ല. ഒരു കി.മീറ്ററിന് 40 തൊഴില്‍ ദിനവും കോണ്‍ട്രാക്ടറുടെ ലാഭം 10 ശതമാനവും കണക്ക് കൂട്ടിയാണ് 40,000 രൂപ ശരാശരി നിശ്ചയിക്കുന്നത്.
വെസ്റ്റ് ഡിവിഷനില്‍ വിവിധ റേഞ്ചുകളിലായി 100 കി.മീ. പരിധിയില്‍ ഫയര്‍ലൈന്‍ ജോലികള്‍ നടന്നിട്ടുണ്ട്. ഇടയ്ക്ക് സിപിഎം ഇടപ്പെട്ട് നാട്ടുകാര്‍ക്ക് ജോലിയില്ലെന്ന് പറഞ്ഞ് അഴുത റേഞ്ചില്‍ വള്ളക്കടവ് മേഖലയില്‍ പ്രശ്നമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: