ഹൈദ്രാബാദ് : തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ഡി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. കരിംനഗറില്‍ നിന്നുളള ലോക്‌സഭാംഗമായ ബണ്ഡി സഞ്ജയ് കുമാറിനെ ചൊവ്വാഴ്ച രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്,
ബണ്ഡി സഞ്ജയ് കുമാറിന്റെ അറസ്റ്റ് തടയാന്‍ അനുയായികള്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാരണമില്ലാതെ എംപിയെ അറസ്റ്റ് ചെയ്തതിനെ കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി അപലപിച്ചു. ജനാധിപത്യ വിരുദ്ധമായ പ്രവൃത്തിയെന്നാണ് അദ്ദേഹം നടപടിയെ വിശേഷിപ്പിച്ചത്.
വിവിധ വികസന പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്താനിരിക്കെയാണ് എംപിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബണ്ഡി സഞ്ജയ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എംപിയെ ഉടന്‍ വിട്ടയയ്‌ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ബിരുദാന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടണമെന്ന് നേരത്തെ ബണ്ഡി സഞ്ജയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ വിരോധമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് ബണ്ഡി സഞ്ജയ് കുമാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: