അട്ടപ്പാടി മധു വധക്കേസില്‍ ഒടുവില്‍ നീതി നടപ്പായതില്‍ ആശ്വസിക്കാം. മോഷ്ടാവെന്ന് മുദ്രകുത്തി ഒരു ആദിവാസി യുവാവിനെ സംഘംചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്ന കേസിലെ രണ്ടുപേരൊഴികെ പതിനാല് പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. ആദിവാസികളും മറ്റ് അസംഘടിത-ദുര്‍ബല ജനവിഭാഗങ്ങളും ഇരകളായ കേസുകളില്‍ നിയമവും നീതിയും അവര്‍ക്ക് അന്യമാവുന്ന പൊതുരീതിക്ക് അപവാദമാണ് ഈ വിധി എന്നതിനാലാണ് ആശ്വസിക്കാവുന്നത്. അപ്പോഴും പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയല്‍ നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ഈ കേസില്‍ ചുമത്താതിരുന്നത് പ്രതികള്‍ക്ക് ഗുണമായി. കൊലക്കുറ്റത്തിനല്ല, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കുറ്റക്കാരായി കണ്ടെത്തിയ പതിനാല് പ്രതികള്‍ക്കും പരമാവധി ലഭിക്കാവുന്ന ശിക്ഷ പത്തു വര്‍ഷം തടവാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍നിന്ന് വിചാരണ കാലാവധി കുറച്ചാല്‍ വളരെ കുറഞ്ഞ കാലത്തെ തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാവും. വിചാരണ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോയത് തടവുശിക്ഷ ‘ജയിലിനു പുറത്ത്’ അനുഭവിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കാനാണോയെന്നുപോലും സംശയിക്കാവുന്നതാണ്. വിധി പ്രഖ്യാപനത്തിനുശേഷം കോടതിയില്‍നിന്ന് പുറത്തേക്കുവന്ന പ്രതികളുടെ മുഖങ്ങളില്‍ കണ്ട സന്തോഷത്തില്‍നിന്ന് ഇതു വായിച്ചെടുക്കാം. എന്തായിരുന്നാലും വിധിയോടുള്ള മധുവിന്റെ കുടുംബത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിട്ടില്ലെന്നും, അപ്പീല്‍ പോകുമെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതിനീചമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് പരമാവധി നീതി ലഭിക്കണം. വേട്ടക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുകയെന്നതാണ് ഇതിനര്‍ത്ഥം. മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം.
ഒരു ആദിവാസി യുവാവിനെ നിഷ്കരുണം കൊലചെയ്തവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതില് സംതൃപ്തി കൊള്ളുമ്പോഴും ഈ കേസിന്റെ നാള്‍വഴി ആരും വിസ്മരിച്ചുകൂടാ. വിശന്നുവലഞ്ഞ് എല്ലുംതോലുമായി അലഞ്ഞുനടന്നിരുന്ന ഒരു ദയനീയരൂപമായിരുന്നു ആ യുവാവ്. ഒരു കാട്ടുമൃഗത്തെപ്പോലെ വനത്തില്‍നിന്ന് അയാളെ പിടിച്ചുകൊണ്ടുവന്ന് നഗരത്തില്‍ ഒരിടത്ത് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊടിയ മര്‍ദ്ദനമേറ്റ് അവശനായി നില്ക്കുന്ന ആ പാവം മനുഷ്യനു നേരെ നോക്കി ചിരിക്കുന്ന നരഭോജികളുടെ ദൃശ്യം പേടിപ്പെടുത്തുന്നതാണ്. ഈ കേസ് അട്ടിമറിക്കാന്‍ കേട്ടുകേള്‍വിയില്ലാത്തതും സമാനതകളില്ലാത്തതുമായ കുത്സിതശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്തുനിന്നും അവരുടെ പിന്തുണക്കാരില്‍നിന്നും ഉണ്ടായത്. മധുവിന്റെ കുടുംബത്തെ പണംകൊടുത്ത് വിലയ്ക്കെടുക്കാനും, ഇതിനു കഴിയില്ലെന്നു വന്നപ്പോള്‍ ഭീഷണിപ്പെടുത്തി കേസില്‍നിന്ന് പിന്മാറ്റാനും ശ്രമങ്ങള്‍ നടന്നു. കേസിലെ നൂറ് സാക്ഷികളില്‍ 24 പേരെയും കൂറുമാറ്റിച്ചു. ഇതിന് തയ്യാറാവാതിരുന്നവര്‍ക്ക് വധഭീഷണി ഉയര്‍ന്നു. ഇവര്‍ക്കൊക്കെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നു. നാല് പ്രാവശ്യമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റിയത്. അവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാതിരുന്നു. എന്തിനേറെ പറയുന്നു ജഡ്ജിക്കുപോലും ഭീഷണിയുണ്ടായി. സംഭവം നടന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് കേസിന്റെ വിചാരണ തുടങ്ങിയത്. കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്നും, അഥവാ ശിക്ഷപ്പെട്ടാല്തന്നെ അത് പേരിന് മാത്രമാവണമെന്നും ആര്‍ക്കൊക്കെയോ നിര്‍ബന്ധമുണ്ടായിരുന്നു. മകന്റെ ആത്മാവിനെ വച്ച് വിലപേശാന്‍ തയ്യാറാവാതിരുന്ന മധുവിന്റെ കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യവും, മാധ്യമങ്ങളില്‍നിന്ന് ലഭിച്ച പിന്തുണയുമാണ് കേസിനെ യുക്തിസഹമായ പരിസമാപ്തിയിലേക്ക് എത്തിച്ചത്.
ഇത് കേരളമാണെന്ന് ഊറ്റംകൊള്ളുന്നവരാണ് മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധത്തില്‍ സംസ്കാരശൂന്യമായി പെരുമാറിയത്. ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ പരമാവധി ഒച്ചവയ്ക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നവരാണല്ലോ നമ്മുടെ പല സാംസ്കാരിക നായകന്മാരും. സ്വന്തം വീട്ടു മുറ്റത്ത് ഒരു ദളിതന് പൈശാചികമായി കൊലചെയ്യപ്പെട്ടിട്ടും വേട്ടക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ദളിത് പീഡനം ഒരു പ്രശ്നമാവുന്നത് അത് ഉത്തരേന്ത്യയില്‍ നടക്കുമ്പോള്‍ മാത്രമാണെന്നും, തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്ക്ക് ഇഷ്ടക്കേടാവുമെന്നതിനാല് കേരളത്തില്‍ അരങ്ങേറുന്ന ഇത്തരം പീഡനങ്ങള്‍ യാദൃച്ഛികമാണെന്നുമുള്ള നിലപാടാണ് ഇടതു-ജിഹാദി ശക്തികള്‍ക്കു മുന്നില്‍ പ്രതികരണശേഷി അടിയറവച്ചവര്‍ സ്വീകരിക്കുന്നത്. മധുവിന്റെ കേസില്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി കൂറുമാറിയ സാക്ഷികളെക്കാള്‍ മോശക്കാരാണ് ഈ സാംസ്കാരിക നായകന്മാര് എന്ന് പറയേണ്ടിവരും. ആദിവാസികളും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളും ആക്രമിക്കപ്പെടേണ്ടവരും അപമാനിക്കപ്പെടേണ്ടവരുമാണെന്ന പൊതുബോധം പ്രബുദ്ധ കേരളത്തില്‍ നിലനില്ക്കുന്നു എന്നത് സംസ്കാരത്തിന്റെയും സാമൂഹ്യനീതിയുടെയും പക്ഷത്തു നില്‍ക്കുന്നവരെ അസ്വാസ്ഥ്യപ്പെടുത്തുന്നു. മധുവിന്റെ കേസിലെ പ്രതികളെ രക്ഷിക്കാന്‍ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിയ രാഷ്ട്രീയക്കാരാണ് നവകേരളത്തിന്റെയും ദളിത്-മുസ്ലിം ഐക്യത്തിന്റെയും വക്താക്കളായി നമുക്കിടയില്‍ വിലസുന്നത്. രാഷ്ട്രീയമായി പരസ്പരം എതിര്‍ക്കുമ്പോഴും ദളിത് വേട്ടയില്‍ ഇവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന്റെ ചിത്രം മധു കൊലക്കേസ് മറനീക്കി കാണിച്ചിരിക്കുകയാണ്. പാര്ശ്വവല്ക്കരിക്കപ്പെട്ടവര് പല കാരണങ്ങളാല്‍ കൊലചെയ്യപ്പെടാമെന്നും, അങ്ങനെ സംഭവിച്ചാല്‍ പ്രത്യേകിച്ചൊന്നും തോന്നേണ്ടതില്ലെന്നുമുള്ള മനഃസ്ഥിതി കയ്യൊഴിയാന്‍ മധുവിന്റെ കേസിലെ വിധി പ്രേരിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: