തിരുവനന്തപുരം: ശമ്പളം വൈകിയതില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ് നായര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച സ്ഥലം മാറ്റ നടപടി റദ്ദാക്കി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം മാറ്റം സംബന്ധിച്ച കാര്യം പരിശോധിക്കാന്‍ സിഎംഡിയോട് ആവശ്യപ്പെട്ടിരുന്നു.
അവര്‍ ധരിച്ചിരുന്ന ബാഡ്ജില് തെറ്റായ വസ്തുതയാണ് കാണിച്ചത്. അഞ്ചാം തീയതി കൊടുക്കേണ്ട ശമ്പളം 12ാം ദിവസം ആണ് കൊടുത്തത്. ആറ് ദിവസം ശമ്പളം മുടങ്ങിയത് 41 ദിവസമെന്ന് അഖില തെറ്റായി കാണിച്ചെന്നും മന്ത്രി പറഞ്ഞു. ശമ്പളം നൽകാത്തതിൽ വേറിട്ട രീതിയിൽ ജോലി ചെയ്തുകൊണ്ടു തന്നെ പ്രതിഷേധിച്ച അഖിലയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഇത് സംസ്ഥാനത്ത് ചർച്ചയാവുകയും ചെയ്തിരുന്നു.
ജനുവരി 11ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിസിയുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ ഭരണ സൗകര്യാർത്ഥം സ്ഥലം മാറ്റുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. വൈക്കത്ത് നിന്നും പാലായിലേക്കായിരുന്നു അഖിലയെ സ്ഥലം മാറ്റിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: