ആഗ്ര : മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതികള്‍ ഉത്തര്‍പ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും അന്തസംസ്ഥാന കവര്ച്ചാസംഘാംഗവുമായ റാഷിദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
രണ്ടു വര്‍ഷത്തിലേറെയായി റാഷിദ് ഒളിവിലായിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതാണ്. മൊറാദാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന റാഷിദ് അടുത്ത കുറ്റകൃത്യത്തിനായി മുസാഫര്‍ നഗറില്‍ എത്തിയതാണെന്നാണ് ഡിസിപി വിനയ്കുമാര്‍ ഗൗതം പ്രതികരിച്ചു.
ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പോലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദിനെ പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പില്‍ ഷാഹ്പുര്‍ എസ്.എച്ച്.ഒ. ബബ്ലുകുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
അതേസമയം ഏറ്റുമുട്ടലിനിടെ റഷീദിനൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. 2020 ഓഗസ്റ്റിലാണ് റാഷിദ് അടക്കമുള്ള ഗുണ്ടാസംഘം സുരേഷ് റെയ്നയുടെ അമ്മാവനേയും കുടുംബത്തേയും അതിദാരുണമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയും സുരേഷ് റെയ്നയുടെ ബന്ധുവുമായ അശോക് കുമാര്‍, ഭാര്യ ആശ റാണി, കൗശല്‍ കുമാര്‍ എന്നിവരാണ് വീട്ടിലെ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. കേസില്‍ മുഖ്യസൂത്രധാരനായ ഛജ്ജുവിനെ 2021 ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു. കൂടാതെ കഴിഞ്ഞ സെപ്റ്റംബറില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: