ന്യൂദല്‍ഹി: ഓര്‍മ്മയുണ്ടോ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം? അന്ന് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന്റെ പേരില്‍ മോദി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ തകര്‍ക്കുന്നു എന്നായിരുന്നു ആരോപണം. 59,000 കോടി രൂപയ്‌ക്ക് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന് ഇടനിലക്കാരനായി അനില്‍ അംബാനിയെ നിര്‍ത്തിയെന്നും എച്ച് എഎല്ലിനെ തഴഞ്ഞുവെന്നുമായിരുന്നു ആരോപണം. അന്ന് എച്ച് എഎല്‍ ഫാക്ടറിയിലേക്ക് രാഹുല്‍ കുതിച്ചെത്തുകയും ചെയ്തു. 2018 ഒക്ടോബര്‍ 11നായിരുന്നു രാഹുല്‍ ഗാന്ധി എച്ച് എഎല്‍ സന്ദര്‍ശിച്ചത്. റഫാല്‍ ഇടപാടിലൂടെ പൊതുമേഖലാസ്ഥാപനമായ എച്ച് എഎല്ലിന് കോടികള്‍ നഷ്ടമുണ്ടാക്കി എന്നായിരുന്നു അന്ന് എച്ച് എഎല്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. എച്ച് എഎല്ലില്‍ ജീവനക്കാരായ കോണ്‍ഗ്രസ് സംഘടനയില്‍പ്പെട്ട ചിലരെ പിടിച്ച് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി. അതിന് പ്രചാരം കൊടുക്കാന്‍ കുറെ കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും അന്ന് എച്ച് എഎല്ലില്‍ എത്തിയിരുന്നു.
അന്ന് കോണ്‍ഗ്രസ് വക്താവായ എസ്. ജയ് പാല്‍ റെഡ്ഡി നടത്തിയ പ്രസംഗമാണ് രസകരം. “30,000 പേരാണ് എച്ച്എഎല്ലില്‍ ഉള്ളത്. റഫാല്‍ കരാര്‍ നല്‍കാത്തതിനാല്‍ 10,000 ജോലിക്കാരെ ഉടന്‍ പുറത്താക്കും. പുതിയ ജോലിക്കാര്‍ക്ക് 10,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.” അതെ. എച്ച് എഎല്ലിലെ തൊഴിലാളികളെ ഭയചകിതരാക്കാന്‍ എല്ലാ യൂണിയന്‍ നേതാക്കളും എടുത്തു പയറ്റുന്ന അതേ തന്ത്രമാണ് കോണ്‍ഗ്രസും ജയപാല്‍ റെഡ്ഡിയും രാഹുല്‍ ഗാന്ധിയും പയറ്റിയത്. അവര‍്ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്തുക. വാസ്തവത്തില്‍ എച്ച് എഎല്ലിനെ ഒഴിവാക്കാന്‍ കരാര്‍ നടപടികല്‍ നീട്ടിയത് അതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നു എന്നാണ് പ്രതിരോധമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ആരോപിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. മോദി 2019ല്‍ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി. അനില്‍ അംബാനി ബിസിനസ് രംഗത്ത് കൂടുതല്‍ താഴേയ്‌ക്ക് പോയി. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിശ്ചയിച്ച പ്രകാരം ഇന്ത്യയിലെത്തി. എച്ച് എഎല്‍ ആകട്ടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പ്രതിരോധമേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ കുതിക്കാന്‍ സഹായിക്കുകയാണ് എച്ച് എഎല്‍. ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നീ മോദിയുടെ പദ്ധതികള്‍ മൂലം കേന്ദ്ര പ്രതിരോധ വകുപ്പ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തിനും മറ്റും ആശ്രയിക്കുന്നത് എച്ച് എഎല്ലിനെ മാത്രമാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അന്ന് എച്ച് എഎല്ലിനെവെച്ച് കെട്ടിപ്പൊക്കിയ നുണകള്‍ ഇന്ന് പൊളിഞ്ഞിരിക്കുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എക്കാലത്തെയും മികച്ച വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ മോദി സര്‍ക്കാരിന്റെ കാലത്ത് രേഖപ്പെടുത്തിയത്. എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തിയ പ്രവർത്തനങ്ങളിൽ നിന്നായി 26,500 കോടി രൂപയുടെ വരുമാനമാണ് എച്ച് എല്ലിന് ഉണ്ടായത്.
ഇക്കഴിഞ്ഞ ഫിബ്രവരി 3ന് മോദി ഇക്കാര്യം കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് വേദിയില്‍ പ്രസംഗിക്കുമ്പോള്‍ എച്ച് എഎല്ലിനെ വെച്ച് കോണ്‍ഗ്രസ് നടത്തിയ കള്ളപ്രചാരണം ഒരിയ്‌ക്കല് കൂടി ഓര്‍മ്മിച്ചു:”ഞങ്ങള്‍ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെറ്റായ ആരോപണങ്ങളായിരുന്നു ഞങ്ങള്‍ക്ക് നേരെ തൊടുത്തത്. എച്ച് എഎല്ലിനെ നോക്കുകുത്തിയാക്കുന്നു എന്ന കോണ്‍ഗ്രസ് പ്രചാരണം കേട്ട് ജനങ്ങളും പ്രക്ഷുബ്ദരായി. ഇക്കാര്യം ചര്‍ച്ച ചെയ്ത് പാര്‍ലമെന്‍റിന്റെ എത്രയോ വില കൂടിയ സമയം കോണ്‍ഗ്രസ് പാഴാക്കി. നുണ എത്രയോ വലുതായിക്കൊള്ളട്ടെ, അത് തോല്‍പിക്കപ്പെടും”.
അതെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എച്ച് എഎല്ലിനെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയ വലിയ നുണയാണ് ഇപ്പോള്‍ പൊളിഞ്ഞുവീണത്. 2023 മാർച്ച് അവസാനത്തോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള കരാറുകളിൽ നിന്നും ഏകദേശം 82,000 കോടി രൂപ എച്ച് എഎല്ലിന് ലഭിച്ചു. 26,000 കോടി രൂപയുടെ പുതിയ കരാറുകളാണ് 2022-23 കാലഘട്ടത്തിൽഎച്ച് എഎല്ലിന് കേന്ദ്രപ്രതിരോധ വകുപ്പില്‍ നിന്നും ലഭിച്ചത്. 70 എച്ച്ടിടി-40, 6 ഡിഒ-228 എയർക്രാഫ്റ്റുകൾ,പിഎസ്എൽവി വിക്ഷേപണ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണ കരാറും എച്ച്എഎല്ലിന് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ എച്ച്എഎല്‍ ഓഹരിവില 2541ല്‍ നിന്നും 2733 രൂപയായി കുതിച്ചു.
‘അസാധാരണം! ശ്രദ്ധേയമായ തീക്ഷ്ണതയ്‌ക്കും അഭിനിവേശത്തിനും എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: