മായന്നൂര്‍ (തൃശൂര്‍): കട്ട കെട്ടിയ, തേയ്ക്കാത്ത മുറിയുടെ ചുവരില്‍ ശ്രീജിത് വില്‍ ബികം എ ഡോക്ടര്‍ എന്ന് കരിക്കട്ട കൊണ്ട് കോറിയിടുമ്പോള്‍ അവന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി… പൊന്നുപോലെ മനസില്‍ കാത്ത സ്വപ്നത്തിന് വിശ്വസേവാഭാരതി ചിറക് നല്കി. മാങ്കുളം വേളത്തൊടി മങ്ങാട്ട് ശ്രീജിത്ത് എന്ന 24 കാരന് ഡോക്ടറാകുന്നു…
ചുവരില്‍ വരച്ചിട്ട സ്വപ്നം അയല്‍വാസി അനൂപ് കാണും വരെ ശ്രീജിത്തിന് മുന്നില്‍ വഴികളുണ്ടായിരുന്നില്ല. രണ്ട് കറവപ്പശുക്കളും തൊഴിലുറപ്പും വരുമാനമാര്‍ഗമാക്കിയ അമ്മ ശ്രീദേവിക്കും മകന് കണ്ട കിനാവിന്റെ വലിപ്പം എത്തിപ്പിടിക്കാനാകുമായിരുന്നില്ല. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഇടവേളകളില്‍ അനൂപിന്റെ പലചരക്ക് കടയില്‍ ശ്രീജിത്ത് സഹായിയായി പോയി. അനൂപാണ് ശ്രീജിത്തിന്റെ സ്വപ്നം വിശ്വസേവാഭാരതിയെ അറിയിക്കുന്നത്.
വിശ്വസേവാഭാരതിയുടെ പ്രയത്നത്തില്‍ ഒറ്റപ്പാലം സ്വദേശികളും പ്രവാസികളുമായ സഹോദരങ്ങള്‍ ശ്രീജിത്തിന്റെ പഠനച്ചെലവ് ഏറ്റെടുത്തു. പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ യോഗ്യത നേടിയ ശ്രീജിത്ത് കര്‍ണാടകയിലെ ഹാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ പാസായി. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് എംഡി പാസായി സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാനാണ് ശ്രീജിത്തിന് ആഗ്രഹം. ചുവരില്‍ കരിക്കട്ട കൊണ്ട് ശ്രീജിത്ത് എഴുതിയിട്ട കുറിപ്പ് വീട് തേച്ചപ്പോള്‍ മാഞ്ഞെങ്കിലും ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: