ന്യൂദല്‍ഹി:ഖലിസ്ഥാന്‍ വാദി അമൃതപാല്‍ സിങ്ങിനെ പിടികൂടാന്‍ പഞ്ചാബ് പൊലീസ് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്പില് സമരത്തിനെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്കാരനായ ഒരു ജേണലിസ്റ്റിനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്.
വാഷിംഗ്ടണില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ജേണലിസ്റ്റ് ലളിത് ജാ യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പിലുള്ള ഈ ഖലിസ്ഥാന്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ പിന്നില്‍ നിന്ന് ഖലിസ്ഥാന്‍ വാദികള്‍ വടികൊണ്ട് അടിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇടത് ചെവിയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വാദികള്‍ ഇദ്ദേഹത്തെ തെറികൊണ്ടഭിഷേകം ചെയ്യുകയും ചെയ്തു. എന്നാല്‍ തക്ക സമയത്ത് യുഎസ് രഹസ്യ സേനയിലെ അംഗങ്ങള്‍ ലളിത് ജായെ രക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിനെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട സംരക്ഷണവും യുഎസ് രഹസ്യസേന നല്കി.
ഖലിസ്ഥാന്‍ വാദികള്‍ തല്ലുന്നതുള്പ്പെടെയുള്ള വീഡിയോ ലളിത് ജാ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ജേണലിസ്റ്റിനെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ച സംഭവത്തെ യുഎസിലെ ഇന്ത്യന്‍ എംബസി ശക്തമായി അപലപിച്ചു.
ഇന്ത്യന്‍ എംബസി സംവിധാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പറഞ്ഞു. മാര്‍ച്ച് 20ന് യുഎസിലെ സന്ഫ്രാന്സിസ്കോവിലെ ഇന്ത്യന്‍ എംബസിയും ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചിരുന്നു. ഈ അക്രമത്തെ യുഎസ് ദേശീയ സുരക്ഷ ഉപദേശകന് ജെയ്ക് സള്ളിവന് അപലപിച്ചു.
വടിയില്‍ കെട്ടിയ ഖലിസ്ഥാന്‍ പതാകകള്‍ വീശിയാണ് പ്രകടനക്കാര്‍ ഇന്ത്യന്‍ എംബസിയ്ക്ക് മുന്പില് എത്തുന്നത്. പക്ഷെ കൊടി കെട്ടിയ ഈ വടി ഉപയോഗിച്ച് എംബസിയുടെ ചില്ലുകള്‍ തകര്‍ക്കുകയാണ് പ്രകടനക്കാര്‍ സാധാരണ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: