ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്രം. ഇതുപ്രകാരം കേരളത്തിലെ തൊഴിലാളികള്‍ക്ക് 22 രൂപ വര്‍ധിച്ചു. ഇതോടെ ദിവസക്കൂലി 333 രൂപയായി ഉയരും. നിലവില്‍ 311 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. പുതുക്കിയ വേതന വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 2022 മാര്‍ച്ചിലാണ് അവസാനമായി കൂലി വര്‍ധിപ്പിച്ചത്. 291ല്‍ നിന്ന് 20 രൂപ കൂട്ടി 311 ആയാണ് അന്ന് ഉയര്‍ത്തിയത്. 2005ലെ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ടിന്റെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ (ഒന്ന്) പ്രകാരം കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് പുതുക്കിയ കൂലി നിരക്കുകള്‍ വിജ്ഞാപനം ചെയ്തത്.
സംസ്ഥാനം വര്‍ധിപ്പിച്ച തുകയുള്‍പ്പെടെയുള്ള കൂലി ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍. ആന്ധ്രാപ്രദേശ് (272), അരുണാചല്‍ പ്രദേശ് (224 രൂപ), അസം (238), ബിഹാര്‍ (228), ഛത്തീസ്ഗഡ് (221), ഗോവ (322), ഗുജറാത്ത് (256), ഹരിയാന (357), ഹിമാചല്‍ പ്രദേശ് (280), ജമ്മു കശ്മീര്‍ (244), ലഡാക്ക് (244), ഝാര്‍ഖണ്ഡ് (228), കര്‍ണാടക (316). മധ്യപ്രദേശ് (221), മഹാരാഷ്‌ട്ര(273), മണിപ്പൂര്‍(260), മേഘാലയ(238), മിസോറാം(249), നാഗാലാന്‍ഡ്(224), ഒഡീഷ(237), പഞ്ചാബ്(303), രാജസ്ഥാന്‍(255), സിക്കിം(354), തമിഴ്‌നാട്(294), തെലങ്കാന(272), ത്രിപുര(226), ഉത്തര്‍പ്രദേശ്(230), ഉത്തരാഖണ്ഡ്(230), ബംഗാള്‍(237), ആന്‍ഡമാന്‍ നിക്കോബര്‍(328), ദാദ്ര നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ദിയൂ(297) ലക്ഷദ്വീപ്(304), പുതുച്ചേരി(294) എന്നിങ്ങനെയാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിരുന്നു. കേന്ദ്രഗ്രാമവികസന വകുപ്പ് ഫെബ്രുവരി എട്ടിന് അനുവദിച്ച 297 കോടി രൂപ ഒരു മാസത്തോളം വൈകിയാണ് സംസ്ഥാനം വിതരണം ചെയ്തത്. പണം ലഭിച്ച് മൂന്നു ദിവസത്തിനകം വിതരണം ചെയ്യണം. ഫണ്ട് വിനിയോഗിച്ചശേഷം തുകയുടെ വിവരങ്ങള്‍ തൊഴിലുറപ്പ്പദ്ധതി വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാതിരുന്നാല്‍ അടുത്ത ഘട്ടത്തില്‍ പണം അനുവദിക്കുന്നതിന് തടസ്സമുണ്ടാകും. നിര്‍ദ്ദേശപ്രകാരം തുക നല്‍കാതിരുന്നാല്‍ സംസ്ഥാനം 12 ശതമാനം പലിശ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെന്ന വിശദീകരണമാണ് സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ ഓഫീസ് നല്‍കിയത്.
സംസ്ഥാനത്തിന് വിവിധ പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും തുക വിനിയോഗ സര്‍ട്ടിഫിക്കറ്റ് വേണ്ട സമയത്ത് ഹാജരാക്കുന്നില്ലെന്നും കേന്ദ്രം നിരന്തരം അറിയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണ്. ഇതിനിടെയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം കൂലി വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: