1975ല്‍ സായാഹ്നപത്രമായി തുടങ്ങിയ ജന്മഭൂമി ദിനപ്പത്രം 2025 ഓടെ സുവര്ണജയന്തിയിലെത്തുകയാണ്. കേരളത്തിലെ മാധ്യമരംഗത്തെ സമൂലമായി മാറ്റുന്നതിന് ജന്മഭൂമി എല്ലാവരിലുമെത്തേണ്ടത് അനിവാര്യമാണ്. ഓരോ വീട്ടിലും ദേശീയതയുടെ സന്ദേശമെത്തിക്കുക എന്ന കാലഘട്ടത്തിന്റെ ദൗത്യമേറ്റെടുത്തുള്ള പത്രത്തിന്റെ മുന്നേറ്റത്തില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
ജന്മഭൂമി അഭിമാനത്തോടെ അമ്പത് വര്‍ഷത്തിലേക്ക് നടക്കുകയാണ്. ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി പരമേശ്വര്‍ജി ദീപം തെളിച്ചതോടെ 1975 ഏപ്രില്‍ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം. ഒരുമാസം പിന്നിടുമ്പോഴേക്ക് അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ജന്മഭുമിയുടെ കഴുത്തു ഞെരിച്ചു. ആഫീസും ഉപകരണങ്ങളും തകര്‍ത്തു.
കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ശിരസ്സ് ഉയര്‍ത്തി നടന്നുനീങ്ങിയ പി.വി.കെ നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ജന്മഭൂമിയുടെ സത്യവും ശക്തിയും. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ജന്മഭൂമിയുടേതാണ്. പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു പീഡനത്തിന്റെയും സഹനത്തിന്റെയും മായ്ക്കാനാകാത്ത ചോരപ്പാടായി…..
ഇച്ഛാശക്തി കൊണ്ട് ജനങ്ങള്‍ രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോള്‍ തടവറ ഭേദിച്ച് ജന്മഭൂമി പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബര്‍ 14 ന് എറണാകുളത്തുനിന്നും പ്രഭാതപത്രമായി പുനര്ജന്മം.
അമരത്ത് കാലത്തിന്റെ ശില്പികള് കാവല്‍ നിന്നു. ദേശീയപ്രക്ഷോഭങ്ങളില്‍ തീനാമ്പായി മാറിയ പ്രൊഫ. എം.പി. മന്മഥന്, തലപ്പൊക്കം കൊണ്ട് ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ യശസ്സായി മാറിയ വി.എം. കൊറാത്ത്, ജീവിതാനുഭവങ്ങള്‍ കടഞ്ഞ് ഓര്‍മ്മയുടെ തിരുമധുരം പകര്‍ന്ന സംഘപഥസംചാലകന്‍ പി. നാരായണന്, ഊഴങ്ങളില്ലാത്ത മഹാഭാരതത്തിന്റെ അകക്കാമ്പ് അറിഞ്ഞ വ്യാസചേതന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, നവീനമാധ്യമരംഗഭാഷയ്ക്ക് അരങ്ങ് ഒരുക്കിയ ഹരി എസ്. കര്‍ത്താ, കാമ്പുള്ള വാര്ത്താനിര്മിതിയില് ശ്രദ്ധേയനായ രാമചന്ദ്രന്, മലയാളത്തിലെ, രാജ്യത്തെതന്നെ ആദ്യത്തെ വനിതാ പത്രാധിപ ലീലാ മേനോന് …..
ജന്മഭൂമി കാലുറപ്പിച്ച് ചവിട്ടി മുന്നേറാന്‍ വഴിതെളിച്ചവര്‍ പലരുണ്ട്. കെ. രാമന്‍പിള്ള, കെ.ജി. മാരാര്‍, പി.പി. മുകുന്ദന്, വി.കെ.ചന്ദ്രശേഖരന്, കെ. സേതുമാധവന്, കെ. പുരുഷോത്തമന്, കുമ്മനം രാജശേഖരന്… ജന്മഭൂമിയെ പ്രസ്ഥാനമാക്കാന്‍ പരിശ്രമിച്ചവര്‍ ഏറെ….
അമൃതകാലത്തിലാണ് നാട്. സ്വതന്ത്രഭാരതം 75 ആണ്ട് പിന്നിട്ടു. 2047 ഓടെ നൂറ്റാണ്ട് തികയ്ക്കുന്നു.
രാജ്യമെങ്ങും അഭിമാനം കൊണ്ട് തല ഉയര്ത്തിനില്ക്കെ ബിബിസിയുടെ കെട്ടുകഥകള്‍ പാടുകയാണ് ദേശവിരുദ്ധ മാധ്യമങ്ങള്‍. ഇത് കേരളമാണെന്ന ഭീഷണിപ്പെടുത്തലുകള്ക്കിടയില് തനതുകേരളത്തിന്റെ പത്രമായി മുന്നേറാനുള്ള തയാറെടുപ്പിലാണ് ജന്മഭൂമി.
ഭാരതമെന്ന് കേട്ടാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ ശക്തികള്‍ക്ക് വെളിച്ചം പകരുന്ന ഇതരമാധ്യമങ്ങളുടെ ആധിപത്യത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള പരിശ്രമമാണത്. നമുക്ക് ചുറ്റും ദേശവിരുദ്ധ മാധ്യമങ്ങളുടെ വിഷം ചീറ്റലാണ്. ഒടുവിലത്തെ ഉദാഹരണമാണ് ജന്മഭൂമി ജനമധ്യത്തിലെത്തിച്ച മതഭീകര മാധ്യമപ്രവര്‍ത്തകരുടെ തനിനിറം. അവലും മലരും കുന്തിരിക്കവും കാത്തുവച്ചോളാന് ഒരു സമൂഹത്തെ ഭീഷണിപ്പെടുത്തുന്നതിന് മതഭീകരര്‍ക്ക് ചൂട്ട് കത്തിച്ചവരെയാണ് ഇപ്പോള്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
മാധ്യമസമൂഹത്തിലെ ഒറ്റപ്പെടുത്തലുകളെ ഒറ്റയ്ക്ക് ചോദ്യം ചെയ്തുകൊണ്ടാണ് ജന്മഭൂമി അതിന്റെ ദൗത്യം നിറവേറ്റുന്നത്.
നിലയ്ക്കല്‍ പ്രക്ഷോഭം മുതല്‍ ശബരിമല പോരാട്ടം വരെ,
പൂന്തുറക്കലാപം മുതല്‍ മാറാട് കൂട്ടക്കൊലപാതകം വരെ,
മതികെട്ടാന്‍ സമരം മുതല്‍ ആറന്മുള പ്രക്ഷോഭം വരെ,
പത്രമാധ്യമ രംഗത്ത് ജന്മഭൂമി ഒരു പക്ഷത്തും കുത്തകകളടക്കമുള്ള മറ്റെല്ലാ മാധ്യമങ്ങളും മറുപക്ഷത്തും അണിനിരന്നതാണ് ചരിത്രം.
ഓരോ തെരഞ്ഞെടുപ്പിലും അവര്‍ സംഘം ചേര്‍ന്ന് ദേശീയതയ്ക്കും ദേശീയശക്തികള്ക്കുമെതിരെ നുണ പ്രചരിപ്പിച്ചു. എല്ലായിടത്തും മതവും ജാതിയും വിളമ്പി. വായനക്കാരുടെ എണ്ണവും സമ്പത്തിന്റെ വണ്ണവും കൊണ്ട് തഴച്ചുവളര്‍ന്നവര്‍ നോവലുകളിലും കഥകളിലും വരെ ദേശീയ സംസ്കൃതിക്കെതിരെ അശ്ലീലം വിളമ്പി….
രാജ്യത്തിന്റെ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ പദ്ധതികള്‍ക്കെതിരെയും നുണ എഴുതി. പുല്‍വാമയിലെയും ഉറിയിലെയും ഭീകരാക്രമണങ്ങളെ വരെ വെള്ളപൂശി. സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കം നമ്മുടെ സൈന്യം നടത്തിയ ധീരമായ പ്രത്യാക്രമണങ്ങള്‍ക്ക് മേല്‍ അവിശ്വാസത്തിന്റെ കഥകള്‍ തീര്‍ത്തു.
ഗാല്‍വനില്‍ നമ്മുടെ രാജ്യത്തിനെതിരെ ആക്രമണത്തിനിറങ്ങിയ ചൈനയ്ക്ക് വേണ്ടി പോലും വാര്‍ത്തകള്‍ സൃഷ്ടിച്ചു. പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ ഭീതി പരത്തുന്ന വ്യാജവാര്‍ത്തകള്‍ തീര്‍ത്തു.
പറഞ്ഞത് കള്ളമാണെന്ന് അറിഞ്ഞിട്ടും തിരുത്താതെ ന്യായം പറഞ്ഞ് ഓട്ടയടച്ചു.
നുണപ്രചാരണം കൊണ്ട് അവര്‍ തീര്‍ത്ത കൂരിരുട്ടില്‍ സത്യത്തിന്റെ ഒരു തരി വെളിച്ചമായാണ് ജന്മഭൂമി, ജന്മഭൂമി മാത്രം നിലകൊണ്ടത്. ആ പ്രകാശം എല്ലായിടത്തേക്കും എത്തേണ്ടതുണ്ട്. എല്ലാവരിലും എത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തില്‍ എല്ലാ ദേശസ്നേഹികളും പങ്കാളികളാകണം.
ജന്മഭൂമി കാലത്തിന്റെ അനിവാര്യതയാണ്, കാലഘട്ടത്തിന്റെ ഇച്ഛയാണ് എന്ന തികഞ്ഞ ബോധ്യത്തോടെ ഈ ദൗത്യമേറ്റെടുത്ത് മുന്നേറാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: