തിരുവനന്തപുരം : വ്യാജ രേഖകള്‍ തയ്യാറാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിയെടുത്തതില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനം. 15 തട്ടിപ്പുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥരുടേയും ഡോക്ടറുടേയും ഒത്തുകളിച്ച് ഇടനിലക്കാര്‍ക്ക് വേണ്ടി വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുകയായിരുന്നു.
ഓപ്പറേഷന് സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. റിപ്പോര്‍ട്ട് ചെയ്ത 15 തട്ടിപ്പുകളില്‍ പ്രാഥമിക അന്വേഷണം നടത്താനും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും പ്രതികളാകും.
ഇടനിലക്കാര്‍ വഴി വ്യാജരേഖകള്‍ സമര്‍പ്പിച്ച് അനര്‍ഹര്‍ വ്യാപകമായി ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. തലസ്ഥാനത്ത് മാത്രം 3 കേസുകളാണുള്ളത്. കേസുകളില്‍ ഡോക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് വിശദമായി പരിശോധിച്ച് അവരേയും പ്രതികളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: