ഇടുക്കി: പൂപ്പാറ തലകുളത്ത് വീണ്ടും ഒറ്റയാന്‍ ‘അരിക്കൊമ്പന്റെ’ ആക്രമണം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകര്‍ത്തു. ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്. അക്രമസക്തനായ ‘അരിക്കൊമ്പനെ’ കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം യോഗം ചേര്‍ന്ന് വിലയിരുത്തും.
ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആനയെ മയക്കുമരുന്ന് വെടിവച്ച് പിടികൂടാനാണ് തീരുമാനം. കഴിഞ്ഞ ദിവസവും കൊമ്പൻ ജനവാസ മേഖലയിൽ എത്തി വീട് തകർത്തിരുന്നു. അടുക്കള തകർത്ത് അരി ഭക്ഷിച്ച കൊമ്പനെ ഏറെ പാട്‌പെട്ടായിരുന്നു വിരട്ടി ഓടിച്ചത്. അരിക്കൊമ്പൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ വലിയ ഭയത്തോടെയാണ് ചിന്നക്കനാൽ ശാന്തൻപാറ മേഖലയിലെ ജനങ്ങൾ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: