ഇരിട്ടി (കണ്ണൂര്‍ ): യുവാവിന്റെ മൃതദേഹത്തോട് സിപിഎം അനാദരവ് . ബിജെപി പ്രവര്‍ത്തകന്റെ സംസ്‌ക്കാര ചടങ്ങ് അലങ്കോലപ്പെടുത്തി . സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം. ഇരിക്കൂര്‍ കുയിലൂരില്‍ ഞായറാഴ്ച രാവിലെ മരണപ്പെട്ട ബിജെപി യുടെ സജീവ പ്രവര്‍ത്തകനും കുയിലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എം.വി. പ്രജിത്തിന്റെ മൃതദേഹത്തോടാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അനാദരവ് കാട്ടുകയും സംസ്‌ക്കാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്.
ഇന്നലെ വൈകുന്നേരം മൃതദേഹം സംസ്‌കാരത്തിനായി വീട്ടില്‍ നിന്നും എടുക്കുന്നതിനിടെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ അതു തടസപ്പെടുത്തുകയും മൃതദേഹം എടുത്ത് കൊണ്ടു പോകുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്തത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. പോലീസ് സ്ഥലത്തെത്തിയിരുന്നു. സിപിഎം അക്രമത്തില്‍ ഭയവിഹ്വലരായ നാട്ടുകാര്‍ക്ക് പലര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
നാട്ടിന് തന്നെ അപമാനം വരുത്തി വെച്ച സിപിഎം നടപടിയ്‌ക്കെതിരെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരിലും കുടുംബങ്ങള്‍ക്കിടയിലും പ്രതിഷേധവും ഭിന്നതയും ശക്തമായിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ഹിന്ദു വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ പോലും ഹൈന്ദവ ആചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സിപിഎം നിലപാടിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. സിപിഎം നടപടിയില്‍ ബിജെപി പടിയൂര്‍ കല്യട് പഞ്ചായത്ത് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: