കൊച്ചി : ബ്രഹ്മപുരത്ത് തീ അണയ്ക്കുന്നതിനായി അധികൃതര്‍ സ്വീകരിച്ചിട്ടുള്ള രീതി ഏറ്റവും ഉചിതമായതാണെന്ന് ഇതാണ് മികച്ചതെന്നും ദേശീയ- അന്തര്‍ദേശീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി പറഞ്ഞതായി മന്ത്രി പി. രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന് കരാര്‍ നല്‍കിയത് സിപിഎം നേതാവിനാണെന്നും, കരാര്‍ ഏറ്റെടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം സിപിഎം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചതായുള്ള ആരോപണങ്ങള്‍ക്കിടയിലാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വീകരിച്ച രീതി ഏറ്റവും ഉചിതമായതാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തി അഭിപ്രായം വ്യക്തമാക്കിയത്.
തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളില്‍ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങള്‍ മറ്റൊരിടത്തേക്ക് കോരിമാറ്റി വെള്ളത്തില്‍ കുതിര്‍ത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.
തീ കെടുത്തിയ ഭാഗങ്ങളില്‍ വീണ്ടും മാലിന്യം കൂനകൂട്ടരുത്. ഉള്‍ഭാഗങ്ങളില്‍ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളില്‍ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം, മുകളില്‍ മണ്ണിന്റെ ആവരണം തീര്‍ക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുഖാവരണം ധരിക്കണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു.
തീ പൂര്‍ണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളില്‍ അഗ്നിശമന പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളില്‍ മുന്‍കരുതല്‍ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു.
പുറമേക്ക് ദൃശ്യമല്ലാത്ത കനലുകള്‍ കണ്ടെത്തുന്നതിനായി തെര്‍മല്‍ (ഇന്‍ഫ്രാറെഡ്) ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങള്‍ ആഴത്തില്‍ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി.
അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ 95 ശതമാനം തീയും അണച്ചതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയിട്ടുണ്ട്. തീയണച്ച മേഖലകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അവിടത്തേയ്ക്ക് കൃത്യമായ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുള്ളതായും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: