ഏറണാക്കുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആശങ്കകളും അറിയിക്കാന്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമുകള്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ഡിഎംഒ ഓഫീസിലും പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ കണ്ട്രോള് റൂമിലേക്ക് 8075774769 എന്ന നമ്പറിലും ഡിഎംഒ ഓഫീസിലെ കണ്ട്രോള് റൂമിലേക്ക് 0484 2360802 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെയും ഡിഎംഒ ഓഫീസില്‍ മൂന്ന് ഷിഫ്റ്റുകളിലായി നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെയും സേവനം ലഭ്യമാണ്. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സേവനവുമുണ്ട്. തിങ്കളാഴ്ച മുതല്‍ ശ്വാസകോശ വിദഗ്ധന്റെ സേവനവും ആരംഭിച്ചിരുന്നു. പകല്‍ സമയങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. വ്യാഴാഴ്ച 12 പേര് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നു ഡോക്ടറെ കാണാന്‍ എത്തിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്കായിരുന്നു പുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്.
ബ്രഹ്മപുരത്തെ ആരോഗ്യ ഉപകേന്ദ്രത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 4.30 വരെ നേഴ്സിന്റെയും ഒന്നിടവിട്ട ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പും നടത്തിവരുന്നു. ശ്വാസതടസം നേരിടുന്നവര്‍ക്കായി ഓക്സിജന്‍ പാര്‍ലറുള്ള ആംബുലന്‍സും സര്‍വസജ്ജമാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഇവര്‍ക്കായി പ്ലാന്റിലും സമീപത്തുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലും മുഴുവന്‍ സമയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: