തിരുവനന്തപുരം: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സംസ്ഥാന മദ്യനയത്തിലെ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും അഴിമതി ആരോപണവിധേയരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാളെ തങ്ങള്‍ക്കെതിരായ കേസുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന ഭയത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒന്നിച്ചു നീങ്ങുന്നത്.
അഴിമതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ അഴിമതിക്കാരുടെ സഖ്യമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതിന് തുല്ല്യമാണ് ഇവരുടെ നിലപാടുകളെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു തെളിവുമില്ലാതെ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലൊ.
അന്വേഷണം തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി അന്വേഷണത്തെ എതിര്‍ക്കുന്നത്. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതി. രാജ്യത്ത് നടക്കുന്ന എല്ലാ അന്വേഷണങ്ങള്‍ക്കുമെതിരെ നരേറ്റീവ് സൃഷ്ടിക്കാന്‍ പിണറായി വിജയനും സംഘവും ഇറങ്ങുന്നത് അഴിമതിക്കാരെ എല്ലാവരെയും ഒരു കുടക്കീഴില്‍ നിര്‍ത്താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: